ജൂലൈ 19, 2025-ന് ഡബ്ലിനിലെ താലയിൽ (Tallaght) ഇന്ത്യക്കാരന് നേരെ നടന്ന ക്രൂരവും വംശീയവുമായ ആക്രമണത്തെ തുടർന്ന് 40 വയസ്സുള്ള ഒരു ഇന്ത്യക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ആഴ്ച മുമ്പ് മാത്രം അയർലണ്ടിൽ എത്തിയതും ആമസോണിൽ ജോലി ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതുമായ ഇരയെ, കുട്ടികളുടെ കളിസ്ഥലത്തിന് സമീപം അനുചിതമായി പെരുമാറിയെന്ന് വ്യാജമായി ആരോപിച്ച് ഒരു കൂട്ടം കൗമാരക്കാർ ക്രൂരമായി ആക്രമിച്ചു.
ജൂലൈ 19-ന് വൈകുന്നേരം ആറ് മണിയോടെ ടാലയിലെ പാർക്ക്ഹിൽ റോഡിൽ (Parkhill Road) വെച്ചാണ് ആക്രമണം നടന്നത്. ഇരയെ അതിക്രൂരമായി മർദ്ദിക്കുകയും മുഖത്ത് ആഴത്തിൽ മുറിവേൽപ്പിക്കുകയും ഭാഗികമായി വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റുകയും ചെയ്തു. രക്തത്തിൽ കുളിച്ച ഇദ്ദേഹത്തെ താല യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഈ കേസ് ഒരു വംശീയാധിക്ഷേപത്തിന്റെ (hate crime) സാധ്യതയും കണക്കിലെടുത്ത് ഗാർഡ (Gardaí) അന്വേഷിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ടാല ഗാർഡ സ്റ്റേഷനുമായി 01 666 6000 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനായ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടുക.
എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ തിരിച്ചറിഞ്ഞാൽ പോലും, അയർലണ്ടിലെ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് നിസാരമായ ശിക്ഷയോടെ ഇവർ രക്ഷപ്പെടും എന്ന് തന്നെയാണ് ഈ കേസും സൂചിപ്പിക്കുന്നത്.
ഒരു ഇന്ത്യൻ മേയറുടെയും മകന്റെയും മണ്ഡലത്തിലാണ് ഈ സംഭവം നടന്നത് എന്നത് ആക്രമണകാരികൾക്ക് ഒരു ഭയവുമില്ലെന്ന് ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ മാസം ഇതേ ഇന്ത്യൻ മേയറിനെതിരെ വംശീയ പരാമർശം നടത്തിയ മുൻ ഐറിഷ് ഫ്രീലാൻസ് റിപ്പോർട്ടറായ പോസ്റ്റ്മാന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ജിഡിപിആർ നിയമം ഒരു പ്രശ്നമല്ല എന്ന മട്ടിൽ, ഐറിഷ്, മറ്റ് രാഷ്ട്രീയ ക്രിമിനൽ ഗ്രൂപ്പുകൾ കുടിയേറ്റ സമൂഹം ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുന്നു, അത് മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിക്കുന്നു, കൂടാതെ ഈ ആളുകൾ യൂട്യൂബ്, ട്വിറ്റർ, മറ്റ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അവ സ്വതന്ത്രമായി പ്രചരിപ്പിക്കുകയും കുടിയേറ്റ സമൂഹത്തെ സംശയത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നു.
വംശീയ ആക്രമണം എന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി മുറുകെ പിടിയ്ക്കുമ്പോഴും ഗാർഡ അത് ശരി വയ്ക്കുമ്പോഴും ഈ ആക്രമണങ്ങൾ മൂലം ഇമ്മിഗ്രന്റ്‌സ് രാജ്യം വിട്ട് പോകണം എന്ന് കരുതുന്ന മിക്ക തദ്ദേശീയരും ഇദ്ദേഹത്തിന്റെ ഭാഗത്താണ് കുറ്റം എന്ന രീതിയിൽ പഴിചാരി ഒഴിവാക്കാൻ ശ്രമിക്കുന്ന കാഴ്ചപ്പാടുകളിലാണ് ഇപ്പോഴും. അതായത് വർഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന പല അക്രമങ്ങളും കുടിയേറ്റ ജനതയ്ക്ക് നേരെ ആകുമ്പോൾ മൗനം അവലംബിക്കുകയും അതിൽ തദ്ദേശീയരാകുമ്പോൾ ഗാർഡ വരെ ഓടിച്ചിട്ട് അന്വേഷണം നടത്തുന്ന അവസ്‌ഥ തന്നെയാണ് ഇതിലും വിരൽ ചൂണ്ടുന്നത്. അതായത് നമ്മൾ സുരക്ഷിതരല്ല എന്ന് ന്യായമായി സംശയിക്കേണ്ട അവസ്ഥയിലാണ് ഓരോ ദിനവും കഴിഞ്ഞു പോകുന്നത്.
കൗമാരക്കാരുടെ സംഘം നടത്തിയ ക്രൂരമായ ആക്രമണം അയർലണ്ടിലെ ജുവനൈൽ നിയമവ്യവസ്ഥയുടെ പോരായ്മകളിലേക്ക് വിരൽ ചൂണ്ടുന്നു. കുറ്റകൃത്യം ചെയ്യുന്ന കൗമാരക്കാർക്ക് കാര്യമായ ശിക്ഷ ലഭിക്കുന്നില്ലെന്ന ജനങ്ങളുടെ ആശങ്കയും രോഷവും ഈ സംഭവം വീണ്ടും ആളിക്കത്തിച്ചിരിക്കുകയാണ്. താലയിലെ ആക്രമണം അയർലണ്ടിലെ നിയമസംവിധാനത്തിന്റെ പരിമിതികൾ തുറന്നുകാട്ടുന്നു. പുനരധിവാസത്തിന് നൽകുന്ന അമിത ഊന്നൽ ഇരകൾക്ക് നീതി നിഷേധിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനും കാരണമാകുന്നു. കുടിയേറ്റക്കാർ കരുതിയിരിക്കുക ഓരോ ദിവസവും നിങ്ങളുടെ കുറ്റം നോക്കിയിരിക്കുന്നത് തദ്ദേശീയരുടെ ഇലക്ട്രോണിക് കണ്ണുകളാണ്...
അവ നമ്മളറിയാതെ വിവിധ സ്ഥലങ്ങളിൽ ടാർഗറ്റ് ചെയ്ത് പ്രചരിപ്പിക്കപ്പെടാം, പാർക്കിലായാലും വീടിനടുത്തായാലും കുട്ടികളുടെ അടുത്തായാലും തദ്ദേശീയർക്ക് അറിയാവുന്ന നിയമങ്ങൾ നമുക്ക് അറിയണമെന്നില്ല. മുൻപ് പാർക്ക് കയ്യേറിയ ഇന്ത്യക്കാർ ഉൾപ്പടെ ഉള്ളവരുടെ വീഡിയോ എന്നും വീടിനു പേര് എഴുതിയ മലയാളി എന്ന പേരിലും ഇതേ രീതിയിൽ വീഡിയോ തദ്ദേശീയ ഗ്രൂപ്പുകളിൽ പ്രചരിക്കപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു നിന്ന് ബിയർ കുടിച്ച ഇന്ത്യക്കാരെ ഗാർഡയെ കാണിച്ചു കൊടുത്തു പിടിപ്പിച്ചതും ഇന്ത്യൻ വിദ്യാർത്ഥിയെ ഹണി ട്രാപ്പിൽ കുടുക്കി വിളിച്ചു വരുത്തി വീഡിയോ പിടിച്ചതും ചില ഉദാഹരങ്ങൾ മാത്രം, ഇതിൽ കൂടുതലും കുടുങ്ങുന്നത് പഠിക്കാനെത്തുന്ന വിദ്യാർത്ഥികളാണ്. ഇവ കുടിയേറ്റക്കാരുടെ പീഡന ശ്രമങ്ങൾ ആയി ചിത്രീകരിക്കപ്പെടുന്നു, ആരു ചെയ്‌താലും ഇപ്പോൾ ഒരു സമൂഹമായി മാത്രം പഴിചാരപ്പെടുന്നു.
ഉപയോഗിക്കുന്ന വാഹനങ്ങളിൽ കാമറ ഉപയോഗിക്കുക. മറുതലയ്ക്കൽ ആരാണ് എന്ന് അറിയാത്തവരുമായി ബന്ധപ്പെടുന്നത് ഒഴിവാക്കുക. ചില സന്ദർഭങ്ങൾ ഒഴിവാക്കാനാകും. ശരിയായ രേഖകൾ സൂക്ഷിക്കുക. മറ്റുള്ളവരുമായി പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ തർക്കം ഒഴിവാക്കി, ശരിയായ നടപടികളിലേക്ക് കടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰(യു ക് മി) UCMI community യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.