വാഷിങ്ടൻ∙ അമേരിക്കയിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കെതിരെ അത്യപൂർവമായ കടുത്ത നടപടിയുമായി ഡോണൾഡ് ട്രംപ് ഭരണകൂടവും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും.
വിസ വ്യവസ്ഥകൾ ലംഘിക്കുക, ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, അമേരിക്കൻ പൗരന്മാർക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുക, സാമ്പത്തിക തട്ടിപ്പുകൾ നടത്തുക, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുക തുടങ്ങിയ കാരണങ്ങളാൽ 1,75,000ത്തിലധികം വിദേശികളുടെ വീസ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കി. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തുടർച്ചയായി നടത്തുന്ന കർശന പരിശോധനകളുടെയും ഡിജിറ്റൽ നിരീക്ഷണങ്ങളുടെയും ഫലമായാണ് കർശന നീക്കം.റദ്ദാക്കപ്പെട്ട വിസകളിൽ ഭൂരിഭാഗവും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ വിദേശികളുടേതാണ്. മർദ്ദനം, മദ്യപിച്ച് വാഹനമോടിക്കൽ (DUI), മോഷണം, ലഹരിമരുന്ന് കടത്ത് തുടങ്ങിയ ക്രിമിനൽ കേസിൽപ്പെട്ടവരാണ് പട്ടികയിൽ മുന്നിലുള്ളത്. കൂടാതെ അമിതവേഗതയിൽ അപകടകരമായി വാഹനമോടിച്ചവർ, ലൈംഗിക അതിക്രമം നടത്തിയവർ, കുട്ടികളെ പീഡിപ്പിച്ചവർ, ലക്ഷക്കണക്കിന് ഡോളറിന്റെ വഞ്ചനാ കേസുകളിൽപ്പെട്ടവർ എന്നിവരുടെയും വീസകൾ കൂട്ടത്തോടെ റദ്ദാക്കിയിട്ടുണ്ട്.
അമേരിക്കൻ പൗരത്വം മാത്രം ലക്ഷ്യമിട്ട് ഗർഭിണികളെ യുഎസിലെത്തിക്കുന്ന ‘ബർത്ത് ടൂറിസം’ തട്ടിപ്പുകൾക്കെതിരെയും ശക്തമായ നടപടിയെടുത്തു. വടക്കൻ ആഫ്രിക്കയിലെ ഒരു യുഎസ് എംബസി മാത്രം ഇത്തരത്തിൽ പ്രസവത്തിനായി തട്ടിപ്പ് വഴി അമേരിക്കയിലെത്തിയ നൂറിലധികം പേരുടെ വീസ റദ്ദാക്കി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക വൈകൃതങ്ങൾ നടത്തിയതായി കണ്ടെത്തിയവരും, മെഡികെയ്ഡ് ഇൻഷുറൻസിന്റെ പേരിൽ 5 ദശലക്ഷത്തിലധികം ഡോളർ (ഏകദേശം 40 കോടിയോളം രൂപ) വ്യാജ ബില്ലുകളിലൂടെ തട്ടിയെടുത്ത കേസിൽപ്പെട്ട വിദേശികളും പിടിയിലായവരിൽ പെടുന്നു.
അമേരിക്കൻ പൗരന്മാർക്കും ഭരണാധികാരികൾക്കും എതിരെ പരസ്യ ഭീഷണി മുഴക്കിയ വിദേശികൾക്കെതിരെയും നടപടി കടുപ്പിച്ചു. പൊതുപ്രവർത്തകൻ ചാർലി കിർക്കിന്റെ കൊലപാതക ശ്രമത്തെ സോഷ്യൽ മീഡിയയിലൂടെ ആഘോഷിച്ച വിദേശികളുടെ വീസയും റദ്ദാക്കി. വ്യാജ രേഖ ചമച്ച് നിക്ഷേപകരെ വഞ്ചിച്ച വ്യാപാരികളും സന്നദ്ധ അധ്യാപകരായി വന്ന് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളും ഇതിൽ ഉൾപ്പെടുന്നു.
വിദേശനയ സുരക്ഷ മുൻനിർത്തി ഒട്ടേറെ വ്യക്തികളെ രാജ്യത്തുനിന്ന് ഉടൻ നാടുകടത്താൻ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഉത്തരവിട്ടു. ക്യൂബൻ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ചാരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികൾ, ഇറാൻ ഭരണകൂടവുമായി ബന്ധമുള്ളവർ, കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, യുഎസ് പ്രസിഡന്റിനെയും ജനങ്ങളെയും ശത്രുക്കളായി പ്രഖ്യാപിച്ച് ഭീഷണി മുഴക്കിയവർ എന്നിവരെ വിദേശനയ നിയമങ്ങൾ പ്രകാരം നാടുകടത്താനാണ് തീരുമാനം.
‘അമേരിക്കൻ വീസ എന്നത് ഏതൊരു വിദേശിക്കും ലഭിക്കുന്ന ഒരു അവകാശമല്ല, മറിച്ച് നൽകപ്പെടുന്ന ഒരു പ്രത്യേക ആനുകൂല്യം മാത്രമാണ്’ എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓർമിപ്പിച്ചു. രാജ്യത്തെ നിയമങ്ങളെയും അമേരിക്കൻ ജനതയുടെ സുരക്ഷയെയും വിലമതിക്കാത്ത ഒരു വിദേശിയെയും വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരക്കാർക്കെതിരെസാധ്യമാകുന്ന എല്ലാ നിയമപരമായ നടപടികളും ഇനിയും തുടരുമെന്നും വിദേശകാര്യ വകുപ്പ് വ്യക്തമാക്കി




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.