പാരീസ്: ഫ്രാൻസിലെ ഗ്രാവ്‌ലീൻസ് ആണവ നിലയത്തിന് തലവേദന സൃഷ്ടിച്ച് ജെല്ലിഫിഷ് കൂട്ടം. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിലെ യൂണിറ്റുകള്‍ തണുപ്പിക്കാൻ ഉപയോഗിക്കുന്ന പമ്പുകളില്‍ ജെല്ലിഫിഷുകള്‍ കുടുങ്ങുകയായിരുന്നു.
ഇൻടേക്ക് പൈപ്പുകളും ഫില്‍ട്ടറുകളും ജെല്ലിഫിഷുകള്‍ കയറി അടഞ്ഞുപോവുകയും ശീതീകരണ ജലത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും ചെയ്തു. ഇതോടെ നിലയം ഭാഗികമായി അടച്ചു.മുമ്പും ഇതേ ആണവനിലയത്തില്‍ ജെല്ലിഫിഷുകള്‍ കാരണം പ്രവർത്തനം നിറുത്തിവയ്ക്കേണ്ടിവന്നിരുന്നു. നിലവില്‍ നിലയത്തിലെ ആറ് റിയാക്ടറുകളില്‍ ഒന്ന് മാത്രമാണ് പൂർണ്ണ ശേഷിയില്‍ പ്രവർത്തിക്കുന്നത്. 900 മെഗാവാട്ടിന്റെ ആറ് റിയാക്ടറുകളില്‍ മൂന്നെണ്ണം പൂർണ്ണമായും ഓഫാക്കി. ഒരെണ്ണത്തിന്റെ ഉത്പാദനം പകുതിയായി കുറച്ചു. മറ്റൊന്ന് നേരത്തെ തന്നെ അറ്റകുറ്റപ്പണികള്‍ക്കായി ഓഫാക്കി വച്ചിരിക്കുകയായിരുന്നു. നിലവില്‍ നിലയത്തിന്റയോ ജീവനക്കാരുടെയോ സുരക്ഷയ്ക്ക് ഭീഷണിയില്ല.
പ്ലാന്റിന്റെ പ്രവർത്തനം പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ജീവനക്കാർ. വടക്കൻ കടലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കനാലില്‍ നിന്നാണ് നിലയത്തിലേക്കുള്ള ശീതീകരണ ജലം എത്തിക്കുന്നത്. വിവിധ ഇനം സ്പീഷീസിലെ ജെല്ലിഫിഷുകളുടെ ആവാസ കേന്ദ്രമാണ് വടക്കൻ കടല്‍. ഇവയെ അകറ്റി നിറുത്താനുള്ള സംവിധാനങ്ങളുണ്ടെങ്കിലും സവിശേഷമായ ശരീര ഘടന മൂലം ശീതീകരണ ശൃംഖലകളിലേക്ക് ഇക്കൂട്ടർ നുഴഞ്ഞു കയറുന്നത് പതിവാണ്.
റിയാക്ടറുകളെ തണുപ്പിക്കാൻ ആണവ പ്ലാന്റുകളില്‍ ശീതീകരണ ജലം അനിവാര്യ ഘടകമാണ്. ശീതീകരണ ജലം ലഭിച്ചില്ലെങ്കില്‍ റിയാക്ടറുകള്‍ അമിതമായി ചൂടാകും. ഇത് തടയാനാണ് പ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.