യുദ്ധം പുതിയ ഘട്ടത്തിലേക്ക്: ഹോര്‍മുസില്‍ നിര്‍ണായക നീക്കമെന്ന് യുഎഇ: ഇറാനെ പൂട്ടാൻ അമേരിക്കയുടെ പുതിയ തുറുപ്പ് ചീട്ട്,

വാഷിങ്ടൺ: അമേരിക്ക ഇറാനെതിരായ സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടന്നതായി യുഎഇ.

സാമ്പത്തിക സമ്മർദം ശക്തമാകുന്ന ഘട്ടമാണിതെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇറാന്റെ ശ്രമങ്ങളുടെ അവസാനഘട്ടമായിരിക്കാമിതെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. അറബ് ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങള്‍ തന്ത്രപരമായി തെറ്റായ തീരുമാനമായിരുന്നെന്നും ഗർഗാഷ് വ്യക്തമാക്കി. ഇത്തരം നീക്കങ്ങള്‍ ഇറാന്റെ ഒറ്റപ്പെടല്‍ വർധിപ്പിക്കുകയും നിലപാട് കൂടുതല്‍ ദുർബലപ്പെടുത്തുകയും മാത്രമാണ് ചെയ്തത്. 

സംഘർഷത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിടുന്നതല്ലെന്നും പകരം സംഘർഷം കുറയ്ക്കാനും രാഷ്ട്രീയ പരിഹാരം കണ്ടെത്താനും അവരുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സമാധാനത്തിനും ആഗോള സാമ്പത്തിക സ്ഥിരതയ്ക്കുമായി ഹോർമുസ് കടലിടുക്ക് ഉടൻ പൂർണമായി തുറന്നുനല്‍കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

ഈ മാസം 18ന് ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ഇടപാടുകളും യുഎഇ നിർത്തിവെച്ചിരുന്നു. അതേസമയം, ഇറാനെ സാമ്പത്തികമായി പൂർണമായും ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ അസറ്റുകള്‍, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, ഷിപ്പിങ് എന്നീ അഞ്ച് പ്രധാന മേഖലകളെ ഉള്‍പ്പെടുത്തിയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പുതിയ ഉപരോധം പ്രഖ്യാപിച്ചത്.

എന്നാല്‍ പുതിയ ഉപരോധത്തിലും ഇറാൻ വഴങ്ങുന്ന സൂചനയില്ല. ദീർഘകാലം ഇത്തരം ഉപരോധങ്ങള്‍ നേരിടാൻ തങ്ങള്‍ തയ്യാറാണെന്നും അമേരിക്കയുടെ ഉപരോധനയം വീണ്ടും പരാജയപ്പെടുമെന്നും ഇറാൻ പ്രതികരിച്ചു. സാമ്പത്തിക ഉപരോധവും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘർഷവും ഒരേസമയം ശക്തമാകുന്നത് പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതല്‍ സങ്കീർണമാക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !