ബഹിരാകാശ നിലയത്തില്‍ ചരിത്രം കുറിച്ച് വിളവെടുപ്പ്: കേലും വസാബിയും വിളയിച്ച്‌ മലയാളിയായ അനില്‍ മേനോൻ്റെ പാചക പരീക്ഷണം,

ഹൂസ്റ്റണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) നിന്നൊരു 'ഫാം-ടു-ടേബിള്‍' (കൃഷിയിടത്തില്‍ നിന്ന് നേരിട്ട് മേശപ്പുറത്തേക്ക്) വിപ്ലവം!

നാസയുടെ മലയാളി വംശജനായ ബഹിരാകാശ യാത്രികൻ അനില്‍ മേനോനും സഹപ്രവർത്തകരും ബഹിരാകാശത്ത് സ്വന്തമായി വിളയിച്ചെടുത്ത പച്ചക്കറികള്‍ കൊണ്ട് രുചികരമായ ഭക്ഷണം പാകം ചെയ്ത് ചരിത്രം കുറിച്ചു.

നിലയത്തില്‍ ഒരു മാസത്തോളമായി പ്രത്യേക സാങ്കേതികവിദ്യയില്‍ വളർത്തിയെടുത്ത 'കേല്‍', 'വസാബി മസ്റ്റാർഡ്' എന്നീ ഇലക്കറികളാണ് ഇവർ വിളവെടുത്തത്. തുടർന്ന് സഹ ബഹിരാകാശ യാത്രികയായ ജെസീക്കയ്ക്കൊപ്പം അനില്‍ മേനോൻ ഈ ഇലകള്‍ ഉപയോഗിച്ച്‌ ലളിതമായൊരു വിഭവം തയ്യാറാക്കുകയായിരുന്നു. ഭൂമിക്ക് പുറത്ത് വെച്ച്‌ തങ്ങള്‍ കഴിച്ചതില്‍ വെച്ച്‌ ഏറ്റവും മികച്ച ഭക്ഷണമാണിതെന്നാണ് ഇരുവരും സാക്ഷ്യപ്പെടുത്തുന്നത്.

“ഈ എപ്പിസോഡില്‍ തികച്ചും ലളിതവും രുചികരവുമായ വിഭവമാണ് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്. ഭ്രമണപഥത്തില്‍ വെച്ച്‌ ഇതുവരെ പാകം ചെയ്തതില്‍ ഏറ്റവും മികച്ചത് ഇതായിരിക്കാം,” അനില്‍ മേനോൻ തൻ്റെ എക്സ് ഹാൻഡിലില്‍ കുറിച്ചു. സസ്യങ്ങള്‍ വിജയകരമായി വളർത്താൻ സഹായിച്ച നാസയുടെ ‘വെജി’ ടീമിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ‘ദി മാർഷ്യൻ’ എന്ന പ്രശസ്ത സയൻസ് ഫിക്ഷൻ സിനിമയില്‍ ചൊവ്വയില്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്ത സാങ്കല്‍പ്പിക കഥാപാത്രം മാർക്ക് വാറ്റ്നി തങ്ങളെ കണ്ട് “അഭിമാനിക്കും” എന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു.

ഭാവിയില്‍ മാസങ്ങളോ വർഷങ്ങളോ നീണ്ടുനില്‍ക്കുന്ന ദീർഘദൂര ബഹിരാകാശ ദൗത്യങ്ങളില്‍ ബഹിരാകാശ യാത്രികർക്ക് ആവശ്യമായ പുതിയ പച്ചക്കറികളും പോഷകാഹാരങ്ങളും സ്വന്തമായി ഉത്പാദിപ്പിക്കാൻ ഇത്തരം പരീക്ഷണങ്ങള്‍ വഴിയൊരുക്കും.

ഭക്ഷണപരീക്ഷണത്തിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 18-ന് അനില്‍ മേനോനും ഫ്രഞ്ച് ബഹിരാകാശ യാത്രികയായ സോഫി അഡെനോട്ടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി വിജയകരമായി ബഹിരാകാശ നടത്തം (Spacewalk) പൂർത്തിയാക്കി. ഭൂമിയിലെ മിഷൻ കണ്‍ട്രോള്‍ സെൻ്ററുമായുള്ള അതിവേഗ ആശയവിനിമയം സാധ്യമാക്കുന്ന തകരാറിലായ ‘സ്പേസ്-ടു-ഗ്രൗണ്ട്’ ആൻ്റിന അഴിച്ചുമാറ്റുക എന്നതായിരുന്നു 6 മണിക്കൂറും 23 മിനിറ്റും നീണ്ടുനിന്ന ഈ സുപ്രധാന ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം. പഴയ ആൻ്റിന മാറ്റിയെങ്കിലും ഇലക്‌ട്രിക്കല്‍ കേബിളുകള്‍ വേർപെടുത്താൻ കൂടുതല്‍ സമയമെടുത്തതിനാല്‍ പുതിയ ആൻ്റിന പൂർണ്ണമായി സ്ഥാപിക്കുന്നത് വരാനിരിക്കുന്ന മറ്റൊരു സ്പേസ് വാക്കിലേക്ക് മാറ്റിവെച്ചു.

 അനില്‍ മേനോൻ്റെ കരിയറിലെ രണ്ടാമത്തെ വിജയകരമായ ബഹിരാകാശ നടത്തമാണിത്. ഇതേ ദൗത്യത്തിലൂടെ ബഹിരാകാശ നടത്തം നടത്തുന്ന ‘ആദ്യ ഫ്രഞ്ച് വനിത’ എന്ന ചരിത്ര റെക്കോർഡ് സോഫി അഡെനോട്ട് സ്വന്തമാക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !