വാഷിങ്ടണ്‍: ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടും വാണിജ്യ എണ്ണക്കപ്പലുകള്‍ക്ക് കടന്നുപോകാൻ അമേരിക്കൻ സൈന്യം രഹസ്യമായി സഹായം നല്‍കിയതായി റിപ്പോർട്ട്.
ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ ദിവസവും ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ഈ നീക്കത്തിലൂടെ കഴിഞ്ഞതായി ഓക്സിയോസ് റിപ്പോർട്ട് ചെയ്തു. പ്രവർത്തനത്തെക്കുറിച്ച് നേരിട്ട് അറിവുള്ള രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.അമേരിക്കൻ സൈന്യത്തിന്റെ നിർദേശപ്രകാരം ഓരോ രാത്രിയും 15 മുതല്‍ 20 വരെ എണ്ണക്കപ്പലുകള്‍ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് വിവരം. ഇതുവഴി പ്രതിദിനം ഏകദേശം ഒരു കോടി ബാരല്‍ എണ്ണ കടന്നുപോകുന്നു. യുദ്ധത്തിന് മുമ്പ് ഹോർമുസ് വഴി കടന്നുപോയിരുന്ന എണ്ണയുടെ പകുതിയോളം വരുമിത്.
യുദ്ധത്തെ തുടർന്ന് ലോകത്തിലെ പ്രധാന ഊർജപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണം താളംതെറ്റിയ സാഹചര്യത്തിലാണ് അമേരിക്കയുടെ രഹസ്യ നീക്കം. എണ്ണയുടെ ഒഴുക്ക് തുടരുന്നത് ആഗോള വിപണിയിലെ വിതരണ സമ്മർദം കുറയ്ക്കാനും ക്രൂഡ് ഓയില്‍ വില നിയന്ത്രിക്കാനും സഹായിച്ചതായാണ് വിലയിരുത്തല്‍.
എണ്ണയുമായി ഗള്‍ഫില്‍ നിന്ന് പുറത്തേക്ക് പോകുന്ന ടാങ്കറുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പുറമെ, ഒഴിഞ്ഞ എണ്ണക്കപ്പലുകളെ അറബിക്കടലില്‍ നിന്ന് ഹോർമുസ് കടലിടുക്കിലൂടെ ഗള്‍ഫ് തുറമുഖങ്ങളിലെത്തിക്കാനും അമേരിക്കൻ സേന സഹായിക്കുന്നുണ്ട്. ഇവിടെ നിന്ന് എണ്ണ നിറച്ച ശേഷം കപ്പലുകള്‍ വീണ്ടും പുറത്തേക്ക് സഞ്ചരിക്കും.
ഓരോ രാത്രിയും അകത്തേക്കും പുറത്തേക്കുമുള്ള കപ്പലുകളെ പ്രത്യേക സംഘങ്ങളായി ക്രമീകരിച്ചാണ് കടത്തിവിടുന്നത്. അമേരിക്കൻ സൈന്യത്തിന്റെ നിർദേശപ്രകാരം കപ്പലുകള്‍ തെക്കൻ പാതയാണ് ഉപയോഗിക്കുന്നത്.
"രണ്ട് മാസമായി ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാത ഞങ്ങളുടെ നിയന്ത്രണത്തിലാണ്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. എന്നാല്‍ കടലിടുക്ക് നിയന്ത്രിക്കുന്നത് അവരല്ല, ഞങ്ങളാണ്," വിഷയത്തില്‍ നേരിട്ട് അറിവുള്ള അമേരിക്കൻ ഉദ്യോഗസ്ഥൻ ഓക്സിയോസിനോട് പറഞ്ഞു.
ഈ ദൗത്യം ഏകോപിപ്പിക്കുന്ന ടാസ്‌ക് ഫോഴ്‌സ് നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗ് സൈനിക ആസ്ഥാനത്താണ് പ്രവർത്തിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പങ്കാളികളുമായി ചേർന്ന് ദിവസേന കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകളുടെ പട്ടിക തയ്യാറാക്കുകയും ചെയ്യുന്നു.
ഇറാനിയൻ ഡ്രോണുകളും ക്രൂസ് മിസൈലുകളും നേരിടുന്നതിനായി അമേരിക്കൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുന്നുണ്ട്.
ഇറാന്റെ റഡാർ, സമുദ്ര നിരീക്ഷണ സംവിധാനങ്ങള്‍ തകർത്ത യുഎസ് സെൻട്രല്‍ കമാൻഡിന്റെ രണ്ടാഴ്ച നീണ്ട സൈനിക നടപടിക്ക് ശേഷമാണ് ഈ നീക്കം സാധ്യമായതെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിശദീകരണം.
തെക്കൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ നിരീക്ഷിക്കാനുള്ള ഇറാന്റെ ശേഷി ഇപ്പോള്‍ പരിമിതമാണ്. പുനഃസ്ഥാപിച്ച ഏതാനും റഡാർ സംവിധാനങ്ങളെയും IRGCയുടെ അതിവേഗ ബോട്ടുകളില്‍ പ്രവർത്തിക്കുന്ന നിരീക്ഷകരെയുമാണ് ഇറാൻ ആശ്രയിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നിരീക്ഷണ ശേഷി കുറഞ്ഞതോടെ വാണിജ്യ കപ്പലുകള്‍ സഞ്ചരിക്കുന്നതായി കരുതുന്ന മേഖലകളിലേക്ക് ഇറാൻ ഡ്രോണുകളും ക്രൂസ് മിസൈലുകളും അയയ്ക്കുന്നുണ്ട്. ചില കപ്പലുകള്‍ ആക്രമണത്തില്‍പ്പെട്ടെങ്കിലും നിരവധി ആക്രമണങ്ങള്‍ അമേരിക്കൻ സേന തടഞ്ഞു.
ഈ ആഴ്ച ആദ്യം എട്ട് ഇറാനിയൻ ഡ്രോണുകളും രണ്ട് ക്രൂസ് മിസൈലുകളും അമേരിക്കൻ സേന വെടിവെച്ചിട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ഓരോ രാത്രിയും 15 മുതല്‍ 20 വരെ എണ്ണക്കപ്പലുകള്‍ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ട്. ഇതോടെ പ്രതിദിന എണ്ണ കയറ്റുമതി ഏകദേശം ഒരു കോടി ബാരലായി ഉയർന്നിട്ടുണ്ട്.
ചില ദിവസങ്ങളില്‍ ഗള്‍ഫില്‍ നിന്ന് 1.5 കോടി മുതല്‍ 2 കോടി ബാരല്‍ വരെ എണ്ണ പുറത്തേക്ക് നീങ്ങിയിട്ടുണ്ട്. ഈ ആഴ്ചയിലെ ഒരു രാത്രിയില്‍ മാത്രം തെക്കൻ പാതയിലൂടെ കടന്നുപോകാൻ 20ലേറെ കപ്പലുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇവയില്‍ ഏകദേശം 1.5 കോടി ബാരല്‍ എണ്ണ ഉണ്ടായിരുന്നേക്കാമെന്നാണ് കണക്ക്.
യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ എണ്ണയുടെ ഒഴുക്ക് കുറവാണെങ്കിലും, കയറ്റുമതി തുടരുന്നത് ആഗോള ഊർജവിപണിയില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഹോർമുസ് കടലിടുക്കിലൂടെ വലിയ തോതില്‍ എണ്ണ പുറത്തേക്ക് പോകുന്നുണ്ട് എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓക്സിയോസിനോട് പറഞ്ഞു.
അതേസമയം, അമേരിക്ക നിലവില്‍ ഇറാനുമായി ചർച്ച നടത്തുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. അവർ സമയം പാഴാക്കുകയാണ്. അവരുമായി ചർച്ച നടത്തുന്നത് സമയം പാഴാക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഇറാനികള്‍ക്ക് ഇപ്പോഴും പോരാടാനുള്ള ശക്തിയുണ്ട്. എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ അവർ പഴയ ശക്തിയുടെ നിഴല്‍ മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.