ഫുഡ് ഡെലിവറിക്കിടെ യു.എസില്‍ പഞ്ചാബി യുവാവ് വെടിയേറ്റു മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി കുടുംബം,

ന്യുയോർക്ക്: അമേരിക്കയില്‍ പിസ്സ ഡെലിവറി നടത്തുന്നതിനിടെ പഞ്ചാബ് സ്വദേശിയായ യുവാവ് വെടിയേറ്റു മരിച്ചു. പഞ്ചാബിലെ കപൂർത്തല ജില്ലയിലുള്ള ജബ്ബോവാള്‍ ഗ്രാമവാസിയായ ഗുരുദീപ് സിംഗ് (28) ആണ് കൊല്ലപ്പെട്ടത്.

മോഷണശ്രമത്തിനിടെയായിരുന്നു ആക്രമണമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ന്യൂയോർക്കിലെ റിച്ചമണ്ട് സ്ട്രീറ്റ് പരിസരത്ത് വെച്ചാണ് ഗുരുദീപിന് നേരെ അജ്ഞാതനായ സായുധധാരി വെടിയുതിർത്തത്. സംഭവസ്ഥലത്തു വെച്ചുതന്നെ ഇദ്ദേഹം മരണപ്പെട്ടു.

ഏകദേശം 13 വർഷങ്ങള്‍ക്ക് മുൻപാണ് വലിയ തുക വായ്പയെടുത്ത് ഗുരുദീപ് യു.എസിലേക്ക് കുടിയേറിയത്. അവിടെയെത്തിയ ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടിരുന്നതായും, നാട്ടിലെ കടം വീട്ടാനും കുടുംബത്തെ സംരക്ഷിക്കാനുമായി കഠിനമായി അധ്വാനിക്കുകയായിരുന്നുവെന്നും പിതാവ് പ്യാരാ ലാല്‍ കണ്ണീരോടെ ഓർമ്മിക്കുന്നു.

ഗുരുദീപിൻ്റെ അപ്രതീക്ഷിത വിയോഗ വാർത്ത ജബ്ബോവാള്‍ ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അവിവാഹിതനായ ഗുരുദീപിൻ്റെ കുടുംബം നാട്ടില്‍ ചെറിയ ജോലികള്‍ ചെയ്താണ് ഇപ്പോള്‍ ഉപജീവനം കണ്ടെത്തുന്നത്.

മകൻ്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബം പഞ്ചാബ് സർക്കാരിനോടും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തോടും അഭ്യർത്ഥിച്ചു. പ്രതികളെ ഉടനടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യു.എസ് അധികൃതരോടും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !