റിയാദ്: ചെങ്കടലില്‍ സൗദി അറേബ്യയുടെ എണ്ണക്കപ്പലിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ പ്രഖ്യാപിച്ചു.
സൗദി അറേബ്യയുടെ യാൻബു തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ‘അംസാൻ’ എന്ന എണ്ണക്കപ്പലിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.തങ്ങള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചെന്നും, ഇതേത്തുടർന്ന് കപ്പലില്‍ വൻ തീപിടിത്തമുണ്ടായെന്നും ഹൂതികള്‍ അവകാശപ്പെട്ടു. എന്നാല്‍ ആക്രമണത്തെക്കുറിച്ച് സൗദി അറേബ്യൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.അതേസമയം, യാൻബുവിന് ഏകദേശം 63 നോട്ടിക്കല്‍ മൈല്‍ (117 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്ത് വെച്ച് ഒരു എണ്ണക്കപ്പലിന് നേരെ തിരിച്ചറിയാത്ത വസ്തു പതിച്ച് ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. മേഖലയില്‍ പിരിമുറുക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ കടലാക്രമണ റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.