ഫ്ലോറിഡയില്‍ ഇടിമിന്നലേറ്റ് അമ്മയ്ക്കും രണ്ട് വയസ്സുള്ള മകള്‍ക്കും ദാരുണാന്ത്യം

ഫ്ലോറിഡ: ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിന് വടക്കുള്ള മാർഗേറ്റ് പ്രദേശത്ത് ഇടിമിന്നലേറ്റ് അമ്മയും രണ്ട് വയസ്സുള്ള മകളും മരിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് ഏകദേശം 2.30ഓടെയാണ് സംഭവം. 911ല്‍ ലഭിച്ച സന്ദേശത്തെ തുടർന്ന് മാർഗേറ്റ് പൊലീസ് വകുപ്പും മാർഗേറ്റ് ഫയർ റെസ്ക്യൂ സംഘവും സ്ഥലത്തെത്തിയപ്പോള്‍ റോഡരികിലെ നടപ്പാതയില്‍ ഇരുവരും വീണുകിടക്കുകയായിരുന്നു.

കാറില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അമ്മയ്ക്കും മകള്‍ക്കും ഇടിമിന്നലേറ്റതെന്ന് ദൃക്സാക്ഷിയായ പ്രിൻസ് മൂഡി പറഞ്ഞു. മിന്നലേറ്റതോടെ ഇരുവരും നിലത്തേക്ക് വീഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 31കാരിയായ കെനിയ ഗ്ലാസ്ഗോയാണ് മരിച്ച അമ്മയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ഗുരുതരമായി പരിക്കേറ്റ അമ്മയെ ഡിയർഫീല്‍ഡ് ബീച്ചിലെ നോർത്ത് ബ്രോവാർഡ് മെഡിക്കല്‍ സെന്ററിലേക്കും കുട്ടിയെ ഫോർട്ട് ലോഡർഡെയ്‌ലിലെ ബ്രോവാർഡ് ഹെല്‍ത്ത് മെഡിക്കല്‍ സെന്ററിലേക്കും എത്തിച്ചുവെങ്കിലും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ഇരുവരും മരിച്ചതായി പൊലീസ് അറിയിച്ചു.

സ്ഥലത്തെത്തിയ ഉടൻ തന്നെ രക്ഷാപ്രവർത്തകരും മെഡിക്കല്‍ സംഘവും CPR ഉള്‍പ്പെടെയുള്ള അടിയന്തര ജീവൻ രക്ഷാ നടപടികള്‍ സ്വീകരിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മാർഗേറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !