അമേരിക്കയില്‍ വീണ്ടും വിമാനാപകടം; വെള്ളത്തില്‍ വിമാനം തകര്‍ന്നുവീണ് നാലുപേര്‍ക്ക് ദാരുണാന്ത്യം,

 അലാസ്ക: അമേരിക്കയിലെ അലാസ്കയില്‍ വീണ്ടും വിമാനാപകടം. തീരദേശ പട്ടണത്തിന് സമീപം ആഴം കുറഞ്ഞ വെള്ളത്തിലേക്ക് ചെറുവിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന നാലുപേരും മരിച്ചു.

ബുധനാഴ്ചയാണ് അപകടം. ആങ്കറേജില്‍ നിന്ന് പുറപ്പെട്ട Piper PA-24 വിമാനം സെല്‍ഡോവിയയിലെ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടതെന്ന് അലാസ്ക ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചു.

തീരത്തിന് സമീപത്തെ സെല്‍ഡോവിയ സ്ലോയില്‍ ഏകദേശം 15 അടി (4.6 മീറ്റർ) ആഴമുള്ള വെള്ളത്തിലാണ് വിമാനം മുങ്ങിയത്. അപകടത്തെ തുടർന്ന് വേലിയിറക്കം ഉണ്ടാകുന്നതുവരെ രക്ഷാപ്രവർത്തകർക്ക് വിമാനത്തിനടുത്തേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് നാഷണല്‍ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ അലാസ്ക മേഖലാ മേധാവി ക്ലിന്റ് ജോണ്‍സണ്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ച നാലുപേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ എക്സാമിനറുടെ ഓഫീസിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിമാനം അപകടത്തില്‍പ്പെടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. NTSB അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞയാഴ്ചയും അലാസ്കയില്‍ മറ്റൊരു ചാർട്ടർ വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. സംഭവത്തില്‍ എട്ടുപേരാണ് മരിച്ചത്. കനത്ത മൂടല്‍മഞ്ഞിനെ തുടർന്ന് വിമാനത്താവളത്തിലെ ഗ്രാവല്‍ റണ്‍വേ കാണാൻ പൈലറ്റുമാർക്ക് കഴിയാതെ പോയതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. തുടർന്ന് വിമാനം വിദൂര സൈനിക കേന്ദ്രത്തില്‍ തകർന്നുവീഴുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !