25 വർഷത്തിന് ശേഷം സൈനിക കോടതിയിൽ വിചാരണ: 9/11 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ്റെ വിചാരണ 2028ല്‍

വാഷിങ്ടണ്‍: 9/11 ഭീകരാക്രമണത്തിന്റെ സ്വയം പ്രഖ്യാപിത "മുഖ്യ സൂത്രധാരൻ" എന്ന് ആരോപിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ വിചാരണ 2028 ജൂണില്‍ ആരംഭിക്കും.

ആക്രമണം നടന്ന് ഏകദേശം 25 വർഷത്തിന് ശേഷമാണ് സൈനിക കോടതി വിചാരണ തീയതി നിശ്ചയിച്ചത്. 2003ല്‍ പിടിയിലായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് 2006 മുതല്‍ ക്യൂബയിലെ ഗ്വാണ്ടനാമോ ബേ തടങ്കല്‍ കേന്ദ്രത്തില്‍ കഴിയുകയാണ്. 2028 ജൂണ്‍ 5 തിങ്കളാഴ്ച വിചാരണ ആരംഭിക്കുമെന്ന് സൈനിക ജഡ്ജി ലെഫ്റ്റനന്റ് കേണല്‍ മൈക്കല്‍ ഷ്രാമ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. 2027ല്‍ തന്നെ വിചാരണ നടത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ജഡ്ജി നിരസിച്ചു.

വർഷങ്ങളായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വിചാരണ തീയതി നിശ്ചയിച്ചത്. ഇതിനിടെ വിവാദമായ ഒരു കുറ്റസമ്മത കരാറും ഉണ്ടായിരുന്നു. പിന്നീട് ആ കരാർ റദ്ദാക്കപ്പെടുകയായിരുന്നു. 2024 ജൂലൈയില്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദും ഗ്വാണ്ടനാമോയില്‍ തടവിലുള്ള മറ്റ് രണ്ട് 9/11 പ്രതികളും സൈനിക പ്രോസിക്യൂട്ടർമാരുമായി കുറ്റസമ്മത കരാറിലെത്തിയിരുന്നു. 2,976 പേരുടെ കൊലപാതകം ഉള്‍പ്പെടെയുള്ള എല്ലാ കുറ്റങ്ങളും സമ്മതിക്കുന്നതിന് പകരമായി വധശിക്ഷ ഒഴിവാക്കുക എന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ.

കരാർ പ്രകാരം ഖാലിദ് ഷെയ്ഖ് മുഹമ്മദിന് ഗ്വാണ്ടനാമോയില്‍ ജീവപര്യന്തം തടവ് അനുഭവിച്ചാല്‍ മതിയായിരുന്നു. എന്നാല്‍  9/11 ലെ ചില ഇരകളുടെ കുടുംബങ്ങള്‍ കരാറിനെതിരെ രംഗത്തെത്തി. ഇതിന് പിന്നാലെ അന്നത്തെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഏതാനും ദിവസങ്ങള്‍ക്കകം കരാർ റദ്ദാക്കി. 

2009ലെ മിലിട്ടറി കമ്മീഷൻസ് ആക്‌ട് പ്രകാരം ഇത്തരമൊരു തീരുമാനത്തിന്റെ ഉത്തരവാദിത്വം തന്റെ മേല്‍നോട്ടത്തിലുള്ള അധികാരിയായ തനിക്കായിരിക്കണമെന്നായിരുന്നു കരാർ റദ്ദാക്കാനുള്ള ഓസ്റ്റിന്റെ വിശദീകരണം. പ്രതികളുടെ അഭിഭാഷകർ ഇതിനെതിരെ എതിർപ്പ് ഉന്നയിച്ചതിന് പിന്നാലെ, കരാർ തടയുന്നത് തുടരുന്നതിനായി ബൈഡൻ ഭരണകൂടം കേസ് ഫെഡറല്‍ കോടതിയിലെത്തിച്ചു.

കഴിഞ്ഞ ജൂലൈയില്‍ വാഷിങ്ടണ്‍ ഡിസിയിലെ ഫെഡറല്‍ അപ്പീല്‍ കോടതി 2-1 ഭൂരിപക്ഷത്തില്‍ കരാർ റദ്ദാക്കാൻ ഓസ്റ്റിന് അധികാരമുണ്ടായിരുന്നുവെന്ന് വിധിച്ചു. അതേസമയം, ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെയും ഗ്വാണ്ടനാമോയില്‍ തടവിലുള്ള  9/11 ലെ മറ്റ് ഗൂഢാലോചനാ പ്രതികളുടെയും വിചാരണ ഒരു ദശാബ്ദത്തിലേറെയായി വൈകുകയായിരുന്നു. 

നേരത്തെ CIAയുടെ രഹസ്യ തടങ്കല്‍ കേന്ദ്രങ്ങളില്‍ വെച്ച്‌ പീഡനത്തിലൂടെ ശേഖരിച്ച തെളിവുകള്‍ കോടതിയില്‍ സ്വീകരിക്കാനാകുമോ എന്നതിനെക്കുറിച്ചുള്ള തർക്കങ്ങളാണ് വിചാരണ വൈകാൻ പ്രധാന കാരണം. 2001 സെപ്റ്റംബർ 11ന് രാവിലെ, റാഞ്ചിയെടുത്ത രണ്ട് യാത്രാവിമാനങ്ങള്‍ ന്യൂയോർക്ക് നഗരത്തിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളില്‍ ഇടിച്ചുകയറ്റുകയായിരുന്നു.

 അഫ്ഗാനിസ്ഥാനില്‍ ആസ്ഥാനമാക്കിയിരുന്ന അല്‍ഖാഇദ അമേരിക്കയ്ക്കെതിരെ നടത്തിയ ഏകോപിത ആക്രമണ പരമ്പരയുടെ തുടക്കമായിരുന്നു ഇത്. ആക്രമണങ്ങളില്‍ ഏകദേശം 3,000 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !