കൗതുകമുണര്‍ത്തുന്ന കണ്ടെത്തൽ: പാറക്കെട്ടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് നോഹയുടെ പെട്ടകമോ? പുതിയ സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് ഗവേഷകർ,

 തുർക്കി: ബൈബിളില്‍ പ്രതിപാദിക്കുന്ന നോഹയുടെ പെട്ടകം കണ്ടെത്തിയെന്ന അവകാശവാദങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെയ്ക്കുന്നു.

തുര്‍ക്കിയിലെ ദുരുപിനാര്‍ മേഖലയിലുള്ള പ്രകൃതിദത്തമായ പര്‍വ്വത രൂപീകരണത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് അസാധാരണമായ കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്.

കേവലം ഒരു പാറക്കെട്ട് മാത്രമാണിതെന്ന മുന്‍കാല നിഗമനങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട്, ഇതിനുള്ളില്‍ അനേകം പാളികളും വ്യക്തമായ വിടവുകളും ഉണ്ടെന്നാണ് പുതിയ റഡാര്‍ സ്‌കാനിംഗ് വ്യക്തമാക്കുന്നത്.

അമേരിക്കന്‍ എയര്‍ഫോഴ്‌സിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത റഡാര്‍' ഉപയോഗിച്ചാണ് ഡോ. ഖോസ്രോ ഭക്തറിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷക സംഘം പരിശോധന നടത്തിയത്. ഈ സാങ്കേതികവിദ്യ വഴി ഉപരിതലത്തില്‍ നിന്നും 20 അടിയോളം താഴെയായി കൃത്യമായ 'വലതുകോണുകളില്‍' ക്രമീകരിച്ചിരിക്കുന്ന ചില നിര്‍മ്മിതികള്‍ കണ്ടെത്താനായി. പ്രളയകാലത്ത് മൃഗങ്ങളെയും മനുഷ്യരെയും പാര്‍പ്പിക്കാന്‍ നിര്‍മ്മിച്ച അറകളാകാം ഇവയെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം.

തുര്‍ക്കിയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ അരരാത് പര്‍വ്വതത്തിന് 18 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്തിന് ബൈബിളില്‍ പറയുന്ന പെട്ടകത്തിന്റെ അതേ അളവുകളാണുള്ളത് എന്നത് കൗതുകമുണര്‍ത്തുന്നു. 515 അടി നീളവും 86 അടി വീതിയുമുള്ള ഈ രൂപീകരണം തടികൊണ്ടുണ്ടാക്കിയ കപ്പലിന്റെ അവശിഷ്ടങ്ങളാകാമെന്ന് 'നോഹാസ് ആര്‍ക്ക് സ്‌കാന്‍സ്' സംഘത്തിലെ പ്രമുഖ ഗവേഷകനായ ആന്‍ഡ്രൂ ജോണ്‍സ് വ്യക്തമാക്കുന്നു. മുന്‍പ് നടത്തിയ പരിശോധനകളില്‍ ഇവിടെയുള്ള മണ്ണില്‍ മരങ്ങള്‍ ജീര്‍ണ്ണിച്ചുണ്ടാകുന്ന പൊട്ടാസ്യത്തിന്റെ ഉയര്‍ന്ന സാന്നിധ്യവും കണ്ടെത്തിയിരുന്നു.

ഇതിനകത്ത് നീളമുള്ള തുരംഗങ്ങള്‍ക്ക് സമാനമായ വഴികളും വലിയ അറകളും ഉള്ളതായി റഡാര്‍, ഇന്‍ഫ്രാറെഡ് തെര്‍മോഗ്രാഫി എന്നിവ വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രൂപീകരണത്തിന് മുകളില്‍ വളരുന്ന പുല്ലുകളുടെ നിറത്തില്‍ പുറംഭാഗത്തെ പുല്ലുകളേക്കാള്‍ വ്യത്യാസമുണ്ടെന്നതും കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ഒന്നിന്റെ സാന്നിധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പ്രദേശത്തെ കടുത്ത തണുപ്പ് കാരണം കപ്പലിന്റെ ചില ഭാഗങ്ങള്‍ ദ്രവിക്കാതെ സംരക്ഷിക്കപ്പെട്ടിരിക്കാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കരുതുന്നു.

എന്നിരുന്നാലും, റഡാര്‍ പരിശോധനയിലെ കണ്ടെത്തലുകള്‍ കൊണ്ടുമാത്രം ഇതൊരു പുരാവസ്തുവാണെന്ന് പൂര്‍ണ്ണമായി ഉറപ്പിക്കാനാവില്ലെന്ന് സംഘം സമ്മതിക്കുന്നുണ്ട്. ഇതിനുള്ളിലെ ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്തുന്നതിനും കൂടുതല്‍ കൃത്യതയുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമായി വരും മാസങ്ങളില്‍ തുരങ്കം നിര്‍മ്മിച്ച്‌ കോര്‍ ഡ്രില്ലിംഗ് നടത്തുവാന്‍ ഒരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍. 

അടുത്ത ഘട്ട പരിശോധനകള്‍ പൂര്‍ത്തിയാകുന്നതോടെ നൂറ്റാണ്ടുകളായി തുടരുന്ന ഈ നിഗൂഢതയ്ക്ക് അന്തിമമായൊരു ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ഗവേഷകര്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !