നേപ്പാളിലെ റാസുവ ജില്ലയില്‍ പ്രളയത്തെ തുടർന്ന് മണ്ണിനും അവശിഷ്ടങ്ങള്‍ക്കുമടിയില്‍ കുടുങ്ങിയ ആറുവയസുകാരിയെ മൂന്ന് ദിവസത്തിന് ശേഷം ജീവനോടെ രക്ഷപ്പെടുത്തി.
ടിമുറെ ഗ്രാമത്തില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായവർക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആംഡ് പൊലീസ് ഫോഴ്‌സ് സംഘത്തിന് കുട്ടിയുടെ നേരിയ കരച്ചില്‍ കേള്‍ക്കുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന കുട്ടിയെ കണ്ടെത്തി പുറത്തെടുത്തത്. ( Rasuwa flood six year old girl rescue)ഭോട്ടെ കോശി നദി കരകവിഞ്ഞതിനെ തുടർന്നുണ്ടായ ശക്തമായ പ്രളയമാണ് ടിമുറെ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വൻ നാശം വിതച്ചത്. വെള്ളപ്പാച്ചിലിനൊപ്പം മണ്ണും അവശിഷ്ടങ്ങളും വ്യാപകമായി ഒഴുകിയെത്തിയതോടെ നിരവധി വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലായി. ഇതിനിടെയാണ് മൂന്ന് ദിവസത്തിന് ശേഷം കുട്ടിയെ ജീവനോടെ കണ്ടെത്തിയത് രക്ഷാപ്രവർത്തകർക്ക് വലിയ പ്രതീക്ഷ നല്‍കിയത്.
മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്ത ഉടൻ കുട്ടിക്ക് ടിമുറെയിലെ APF ബോർഡർ ഔട്ട്‌പോസ്റ്റില്‍ പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍ ആരോഗ്യനില മോശമായതോടെ വിദഗ്ധ ചികിത്സ ആവശ്യമായി വന്നു. തുടർന്ന് കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ ഹെലികോപ്റ്റർ സൗകര്യം ഏർപ്പെടുത്തി.
പ്രതികൂല കാലാവസ്ഥയും കാഴ്ചപരിധി കുറഞ്ഞതും കാരണം ആദ്യഘട്ടത്തില്‍ എയർലിഫ്റ്റ് വൈകിയെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ അനുകൂലമായതോടെ കുട്ടിയെ കാഠ്മണ്ഡുവിലേക്ക് മാറ്റുകയായിരുന്നു.
നിലവില്‍ കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ് കുട്ടി. ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മൂന്ന് ദിവസത്തെ ദുരിതത്തിനൊടുവില്‍ ജീവനോടെ രക്ഷപ്പെട്ട കുട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
നേപ്പാളിലെ പ്രളയദുരന്തത്തില്‍ രക്ഷാപ്രവർത്തനം തുടരുന്നതിനിടെയാണ് ഈ അതിജീവനവാർത്ത പുറത്തുവന്നത്. 675 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയതായും 2,400-ലേറെ പേരെ ഇപ്പോഴും കാണാതായതായും അധികൃതർ അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിലും ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.