വാഷിങ്ടണ്‍: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് "തകർത്ത് തരിപ്പണമാക്കുകയാണെന്ന്" യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല. ഖാർഗ് ദ്വീപ് തകർത്ത് തരിപ്പണമാക്കുന്നു!!! പ്രസിഡന്റ് ഡിജെടി," എന്നാണ് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ട്രംപ് പങ്കുവച്ച സ്ഫോടന ദൃശ്യങ്ങളടങ്ങിയ വീഡിയോ എഐ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് റോയിട്ടേഴ്സ് സ്ഥിരീകരിച്ചു. സംഭവത്തില്‍ വൈറ്റ് ഹൗസോ യുഎസ് പ്രതിരോധ വകുപ്പോ ഉടൻ പ്രതികരിച്ചില്ല.ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തിന്റെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്തിരുന്നത് ഖാർഗ് ദ്വീപായിരുന്നു.
ദ്വീപിന് വലിയ നാശനഷ്ടമുണ്ടായാല്‍ ഇറാന്റെ എണ്ണ കയറ്റുമതിയെയും സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചേക്കും. യുദ്ധം ആരംഭിച്ചതുമുതല്‍ ദ്വീപ് പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിലുള്ള രണ്ട് ഇറാനിയൻ റോക്കറ്റ് ലോഞ്ചറുകള്‍ക്ക് യുഎസ് നേരത്തെ ആക്രമണം നടത്തിയിരുന്നു. ഇറാനില്‍ ജൂലൈ അവസാനത്തിനുശേഷം യുഎസ് ആദ്യമായി നടത്തുന്ന ആക്രമണമാണ് കഴിഞ്ഞ ദിവസം ലാറക്കിലുണ്ടായത്.
ഹോർമുസ് കടലിടുക്കില്‍ ഭീഷണി ഉയർത്തിയ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മൈനുകള്‍ സ്ഥാപിക്കുന്ന വിഭാഗത്തിനെതിരെ പരിമിതവും കൃത്യവുമായ നടപടിയാണ് സ്വീകരിച്ചതെന്ന് യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു.
ഇതിന് പിന്നാലെ ജോർദാനിലെ രണ്ട് യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ജോർദാന്റെ വ്യോമപരിധിയില്‍ പ്രവേശിച്ച എട്ട് മിസൈലുകള്‍ തകർത്തതായി ജോർദാൻ സായുധസേന അറിയിച്ചു. വരുന്ന മിസൈലുകളില്‍ ഭൂരിഭാഗവും തടഞ്ഞതായി യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വാരാന്ത്യത്തില്‍ കടലിടുക്കിലൂടെ പ്രതിദിനം ദൃശ്യമായ ചരക്കുകപ്പലുകളുടെ എണ്ണം ഏകദേശം അഞ്ചായി കുറഞ്ഞതായി കപ്പല്‍ ഗതാഗത വിവരങ്ങള്‍ വ്യക്തമാക്കുന്നു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.