മയോ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ: പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ സെപ്റ്റംബർ 25, 26 തീയതികളിൽ

മയോ: മയോയിൽ ഇന്ത്യൻ ഓർത്തഡോക്സ് വിശ്വാസികൾക്കായി ആരംഭിച്ച സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിലെ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ആദ്യഫല ശേഖരണവും  ലേലവും, സെപ്റ്റംബർ 25, 26 ( വെള്ളി - ശനി) തീയതികളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടും. മയോയിൽ ഇടവക സ്ഥാപിതമായതിന് ശേഷമുള്ള ആദ്യത്തെ പള്ളി പെരുന്നാൾ എന്ന പ്രത്യേകതയും ഈ ആഘോഷത്തിനുണ്ട്.

സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകുന്നേരം 5.45ന് കൊടിയേറ്റത്തോടെ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും 7 മണിക്ക് ഗാനശുശ്രൂഷയും റവ. ഫാ. എൽദോസ് ബാബുവിന്റെ ആത്മീയ സന്ദേശവും  തുടർന്ന് റാസയും ഉണ്ടായിരിക്കും.

സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. രാവിലെ 10 മണിക്ക് റവ. ഫാ. എൽദോസ് ബാബുവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം കൈമുത്ത് എന്നിവയും ഉണ്ടായിരിക്കും.

ഉച്ചയ്ക്ക് 1.30ന് സ്നേഹവിരുന്നും 2 മണിക്ക് ലേലവും നടക്കും. തുടർന്ന് വൈകുന്നേരം 3 മണിക്ക്  സംഗീത പരിപാടിയും അനുബന്ധമായി അരങ്ങേറും.

പെരുന്നാളിനോടനുബന്ധിച്ച് വിശ്വാസികൾക്കും കുടുംബങ്ങൾക്കും ഒത്തുചേരാനും സൗഹൃദം പുതുക്കാനും മയോയിലെ ഇന്ത്യൻ ഓർത്തഡോക്സ് സമൂഹത്തിന്റെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്താനും അവസരമൊരുങ്ങും.

പെരുന്നാൾ പരിപാടികൾ St. Aloysius Church, Breaffy, Castlebar, Co. Mayo (F23E678), Manulla Community Centre, Manulla, Castlebar (F23W890) എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

മയോയിൽ രൂപംകൊണ്ട പുതിയ ഓർത്തഡോക്സ് ഇടവകയുടെ വിശ്വാസജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന ഈ പ്രഥമ പെരുന്നാളിലേക്ക് എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും ഇടവക മാനേജിങ് കമ്മിറ്റി സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !