ഡബ്ലിൻ: പൊതു സേവന കാർഡ് ദേശീയ ഐഡിയാക്കാനുള്ള നീക്കത്തിനെതിരെ അയർലൻഡിൽ പ്രതിപക്ഷം; കാർഡിൽ ജനനത്തീയതി സ്വമേധയാ ചേർക്കാൻ അനുമതി
അയർലൻഡിൽ പബ്ലിക് സർവീസസ് കാർഡിൽ (PSC) വ്യക്തികൾക്ക് സ്വമേധയാ ജനനത്തീയതി ചേർക്കാൻ അനുമതി നൽകുന്ന പുതിയ നിയമനിർമ്മാണവുമായി സർക്കാർ മുന്നോട്ട്. ഇതോടെ കാർഡിനെ ഒരു ഔദ്യോഗിക തിരിച്ചറിയൽ രേഖയായി (ഐഡി) ഉപയോഗിക്കാൻ ഉടമകൾക്ക് സാധിക്കും. എന്നാൽ, പിൻവാതിലിലൂടെ ഒരു 'യഥാർത്ഥ' ദേശീയ ഐഡി കാർഡ് സമ്പ്രദായം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
ചൊവ്വാഴ്ച ഡെയ്‌ലിൽ (ഐറിഷ് പാർലമെന്റ്) പുതിയ ബിൽ അവതരിപ്പിച്ചുകൊണ്ട് സാമൂഹിക സംരക്ഷണ മന്ത്രി ഡാര കാലിയറിയാണ് ഇക്കാര്യം അറിയിച്ചത്. കാർഡ് ഉടമകൾക്ക് പൂർണ്ണമായും സ്വമേധയാ, സ്വന്തം ഇഷ്ടപ്രകാരം മാത്രമേ ഇത് ഐഡി കാർഡായി ഉപയോഗിക്കാൻ സാധിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി.
സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള പൊതുസേവനങ്ങൾ ലഭ്യമാക്കാനാണ് നിലവിൽ അയർലൻഡിൽ പി.എസ്.സി ഉപയോഗിക്കുന്നത്. വ്യക്തിയുടെ പേര്, ഒപ്പ്, ഫോട്ടോ, പി.പി.എസ് നമ്പർ എന്നിവ മാത്രമാണ് നിലവിൽ കാർഡിലുള്ളത്.
നിയമത്തിൽ അനുശാസിക്കുന്ന നിർദ്ദിഷ്ട പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രമേ നിലവിൽ പി.എസ്.സി തിരിച്ചറിയൽ രേഖയായി ആവശ്യപ്പെടാൻ അനുമതിയുള്ളൂവെന്നും, ബാങ്കുകളോ ക്രെഡിറ്റ് യൂണിയനുകളോ മറ്റ് യൂട്ടിലിറ്റി കമ്പനികളോ ഇത് ആവശ്യപ്പെടുന്നത് നിലവിലെ നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രി സഭയെ അറിയിച്ചു. പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കൂടുതൽ ആളുകൾക്ക് കാർഡ് പ്രയോജനപ്പെടുത്താനാകും എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.