വിക്ടോറിയ: അപ്രതീക്ഷിത വാഹനാപകടത്തിൽ വിക്ടോറിയയിൽ മലയാളി യുവാവ് മരിച്ചു.
പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസ് (35) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ വിക്ടോറിയയിലെ ബെൻഡിഗോയ്ക്ക് സമീപം ഹണ്ട്ലി ഫോസ്റ്റർവില്ലെ റോഡില്‍ ജോലിക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു
മെൽബണിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള കിൽമോറിലായിരുന്നു ടിജോയും കുടുംബവും താമസിച്ചിരുന്നത്. ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിക്കുന്ന ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിക്കാനായി തന്റെ ചുവന്ന ടൊയോട്ട യാരിസ് കാറിൽ പോകുകയായിരുന്നു അദ്ദേഹം. യാത്രയ്ക്കിടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് വാഹനത്തിൽ ടിജോ മാത്രമാണ് ഉണ്ടായിരുന്നത്.
പരേതനായ തോമസ്, മറിയാമ്മ (മോളി) ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ലിറ്റി തോമസ്, ജിൻസി. കഴിഞ്ഞ വർഷമായിരുന്നു ടിജോയുടെയും അഞ്ജു തോമസിന്റെയും വിവാഹം. വെറും ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ താലോലിച്ചു കൊതിതീരും മുൻപേയാണ് ആ പിതാവിനെ മരണം തട്ടിയെടുത്തത്. അപകടത്തിന് തൊട്ടുമുമ്പ്, ഒരു മണി വരെയും ടിജോ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. സാധാരണ പോലെ ജോലിക്ക് പോയ ടിജോ ഇനി മടങ്ങിവരില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബവും സുഹൃത്തുക്കളും..
ബെൻഡിഗോയിലെയും മെൽബണിലെയും മലയാളി കൂട്ടായ്മകളിൽ സജീവമായിരുന്ന ടിജോ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള നടപടികൾ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സംസ്കാരം മൃതദേഹം വീട്ടിൽ എത്തിച്ച ശേഷം പിന്നീട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.