ചരിത്രപ്രധാനമായ രേഖ എവിടെ:? 210 വർഷം പഴക്കമുള്ള അതിർത്തി ഉടമ്പടി രേഖ കാണാനില്ല, ഇന്ത്യയോട് തർക്കിച്ച നേപ്പാളിന് വൻ തിരിച്ചടി,

കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കത്തിൻ്റെ കേന്ദ്രബിന്ദുവായ 210 വർഷം പഴക്കമുള്ള 'സുഗൗളി കരാറി'ൻ്റെ യഥാർത്ഥ രേഖകള്‍ കണ്ടെത്താനാകാതെ നേപ്പാള്‍ സർക്കാർ.

ചരിത്രപ്രധാനമായ ഈ കരാറിൻ്റെ ഒറിജിനല്‍ പകർപ്പ് കൈവശമുണ്ടോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിർ ഖനാല്‍ പാർലമെൻ്റിനെ അറിയിച്ചു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ പ്രദേശങ്ങളെച്ചൊല്ലി ഇന്ത്യയുമായുള്ള തർക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ വെളിപ്പെടുത്തല്‍ നേപ്പാളിന് വലിയ തിരിച്ചടിയാണ്.

കരാറിൻ്റെ യഥാർത്ഥ രേഖകള്‍ കണ്ടെത്താനായി നേപ്പാള്‍ പാർലമെൻ്ററി സമിതി ദേശീയ ആർക്കൈവ്സ്, മ്യൂസിയങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ലഭ്യമായ ചില രേഖകള്‍ ഒറിജിനല്‍ ആണോ എന്ന് ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ ഉറപ്പിക്കാൻ കഴിയൂ എന്ന് മുൻ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലിയും വ്യക്തമാക്കിയിരുന്നു. 1950-ലെ ഇന്ത്യ-നേപ്പാള്‍ സമാധാന സൗഹൃദ കരാറിൻ്റെ ഒറിജിനല്‍ പകർപ്പും നിലവില്‍ നേപ്പാളിന്റെ പക്കലില്ല.

എന്താണ് സുഗൗളി കരാർ?

1814-16 ലെ ആംഗ്ലോ-നേപ്പാള്‍ യുദ്ധത്തില്‍ നേപ്പാള്‍ പരാജയപ്പെട്ടതിനെത്തുടർന്ന് ബ്രിട്ടീഷ് ഇന്ത്യയും നേപ്പാളും തമ്മില്‍ ഒപ്പുവെച്ചതാണ് സുഗൗളി കരാർ. ഈ കരാറിലെ ആർട്ടിക്കിള്‍ 5 പ്രകാരം ‘കാളി’ (മഹാകാളി) നദിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളുടെ അവകാശം നേപ്പാള്‍ ഉപേക്ഷിക്കുകയും, ഈ നദി ഇരു രാജ്യങ്ങളുടെയും പടിഞ്ഞാറൻ അതിർത്തിയായി നിശ്ചയിക്കുകയും ചെയ്തു. കാളി നദിയുടെ ഉത്ഭവസ്ഥാനത്തെച്ചൊല്ലിയുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് നിലവിലെ തർക്കങ്ങള്‍ക്ക് കാരണം. നദി ഉത്ഭവിക്കുന്നത് ലിംപിയാധുരയില്‍ നിന്നാണെന്നാണ് നേപ്പാളിൻ്റെ വാദം. അതനുസരിച്ച്‌ ലിംപിയാധുര, കാലാപാനി, ലിപുലേഖ് എന്നിവ നേപ്പാളിൻ്റെ ഭാഗമാകും. എന്നാല്‍ ലിപുലേഖിന് താഴെയുള്ള നീരുറവകളില്‍ നിന്നാണ് നദി ആരംഭിക്കുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. ചരിത്രപരമായി ഈ പ്രദേശങ്ങള്‍ ഉത്തരാഖണ്ഡിൻ്റെ (പഴയ ഉത്തർപ്രദേശ്) പിത്തോരഗഡ് ജില്ലയുടെ ഭാഗമായി ഇന്ത്യയാണ് ഭരിക്കുന്നത്.

2020-ല്‍ അന്നത്തെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി ഈ മൂന്ന് തർക്കപ്രദേശങ്ങളും ഉള്‍പ്പെടുത്തി നേപ്പാളിൻ്റെ പുതിയ ഭൂപടം നിർമ്മിക്കുകയും പാർലമെൻ്റിൻ്റെ അംഗീകാരം നേടുകയും ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇന്ത്യയും ചൈനയും ലിപുലേഖ് വഴി വ്യാപാരം പുനരാരംഭിക്കാൻ ധാരണയായപ്പോഴും നേപ്പാള്‍ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ കരാറിൻ്റെ ഒറിജിനല്‍ ഭൂപടങ്ങളോ രേഖകളോ ഹാജരാക്കാൻ കഴിയാത്തത് അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ വാദങ്ങള്‍ ശക്തമായി ഉന്നയിക്കുന്നതിന് നേപ്പാളിന് പ്രതിസന്ധി സൃഷ്ടിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !