ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികള്‍ മരിച്ചു.
പിപല്‍ക്കോട്ടിക്ക് സമീപം തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷൻ്റെ കീഴില്‍ നിർമാണത്തിലിരിക്കുന്ന വിഷ്ണുഗഡ്-പീപ്പല്‍ക്കോട്ടി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ ദാരുണമായ അപകടമുണ്ടായത്.കനത്ത മഴയെത്തുടർന്ന് മൂന്ന് കിലോമീറ്റർ നീളമുള്ള തുരങ്കത്തിൻ്റെ ഉള്ളിലേക്ക് പെട്ടെന്ന് ചെളിയും വെള്ളവും കുത്തിയൊലിച്ച് കയറുകയായിരുന്നു. പ്രവേശന കവാടത്തില്‍ നിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലാണ് അപകടം നടന്നത്. ഈ സമയം 22 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ ഷിഫ്റ്റ് ജോലിയിലുണ്ടായിരുന്നു.
ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളും ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്, പ്രാദേശിക പൊലീസ് എന്നിവരും ചേർന്ന് നടത്തിയ യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനത്തിനൊടുവിലാണ് 15 തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. ഇവരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നല്‍കുകയും ചെയ്തു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുകയാണ്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.