ന്യൂഡൽഹി: പാക്കിസ്ഥാനുമായി നദീജലം പങ്കിടാനുള്ള സിന്ധു നദീജല കരാർ ഇന്ത്യ പാലിക്കണമെന്ന് ഹേഗിലെ സ്ഥിരം രാജ്യാന്തര ആർബിട്രേഷൻ കോടതി.
ജമ്മു-കശ്മീരിലെ ചെനാബ് നദിയില്‍ നിർമിക്കുന്ന ററ്റ്‌ലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.കരാർ മരവിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അത് താല്‍ക്കാലികമായി റദ്ദാക്കാനുള്ള നീക്കമാണെന്നാണ് കോടതി വ്യാഖ്യാനിച്ചത്. എന്നാല്‍ അധികാരപരിധിയില്ലാത്തതും നിയമവിരുദ്ധമായി രൂപീകരിച്ചതുമായ സമിതിയുടെ നിർദേശങ്ങള്‍ അംഗീകരിക്കില്ലെന്ന കർശന നിലപാടിലാണ് ഇന്ത്യ.
പാക്കിസ്ഥാന്റെ ആവശ്യപ്രകാരം ലോകബാങ്ക് ഇത്തരമൊരു കോടതി രൂപീകരിച്ചത് സിന്ധു നദീജല കരാറിന്റെ ലംഘനമാണെന്ന് വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പില്‍ അറിയിച്ചു. ഇത്തരം നിയമവിരുദ്ധ സമിതി മുൻപ് പുറപ്പെടുവിച്ച പ്രസ്താവനകളെ തള്ളിയതുപോലെ പുതിയ ഉത്തരവിനെയും തള്ളുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി.
പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷന്റെ നിയമപരമായ നിലനില്‍പ്പിനെ അംഗീകരിക്കാത്തതിനാല്‍ ഇന്ത്യ ഒരിക്കലും സമിതിക്ക് മുന്നില്‍ ഹാജരായിട്ടുമില്ല. ഇന്ത്യയുടെ പരമാധികാരത്തിലുള്ള കാര്യങ്ങളില്‍ വിധി പറയാൻ ഈ കോടതിക്ക് അധികാരമില്ലെന്നും ഇപ്പോഴത്തെയും ഭാവിയിലെയും ഉത്തരവുകള്‍ ഇന്ത്യയുടെ പദ്ധതികളെ ബാധിക്കില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. ഭീകരവാദവും ജലവിതരണ ചർച്ചകളും ഒന്നിച്ച് കൊണ്ടുപോകാനാകില്ലെന്നതാണ് ഇന്ത്യയുടെ വ്യക്തമായ നയം. 1960-ലെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും കരാർ കാലാനുസൃതമായി പരിഷ്കരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാൻ സഹകരിച്ചിരുന്നില്ല.
പാക്കിസ്ഥാന്റെ കൃഷിക്കും ജലസുരക്ഷയ്ക്കും നിർണായകമായ ഈ കരാറുമായി ബന്ധപ്പെട്ട് രാജ്യാന്തര വേദികളില്‍ ഇന്ത്യക്കെതിരെ സമ്മർദ്ദം ചെലുത്താനാണ് ഇസ്ലാമാബാദ് ശ്രമിക്കുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.