ടെഹ്‌റാൻ: ഇറാനില്‍ ജനുവരിയില്‍ നടന്ന ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത രണ്ട് സ്ത്രീകള്‍ക്ക് കോടതി വധശിക്ഷ വിധിച്ചതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ റിപ്പോർട്ട് ചെയ്തു.
ഇസ്ഫഹാൻ നഗരത്തില്‍ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിലാണ് വിധി. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് സ്ത്രീകള്‍ക്ക് വധശിക്ഷ വിധിക്കുന്നത് ഇതാദ്യമായാണ്.ഇസ്ഫഹാനിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉള്‍പ്പെടെ രണ്ടുപേർ കൊല്ലപ്പെട്ട കേസില്‍ ഇരുപതുകാരിയായ തരാനെ റഹീമിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഇതേ കേസില്‍ ഉള്‍പ്പെട്ട തരാനെയുടെ സഹോദരി റൊമീനയ്ക്ക് 36 വർഷം വരെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
മറ്റൊരു കേസില്‍, പ്രക്ഷോഭത്തിനിടെ കടയ്ക്ക് തീയിട്ടു എന്ന കുറ്റത്തിനാണ് രണ്ട് കുട്ടികളുടെ അമ്മയായ ലൈല അബുല്‍ഹസനി(43)ക്ക് കോടതി മരണശിക്ഷ നല്‍കിയത്. എന്നാല്‍ ലൈല സംഭവസ്ഥലത്തുണ്ടായ തീപിടുത്തം ഫോണില്‍ പകർത്തുക മാത്രമായിരുന്നുവെന്നാണ് ലൈലയുടെ കുടുംബം വ്യക്തമാക്കുന്നത്.
അതേസമയം, പ്രതികള്‍ക്ക് കൃത്യമായ നിയമസഹായം ലഭ്യമാക്കിയിട്ടില്ലെന്നും കേസ് ഫയലുകള്‍ പൂർണ്ണമായി പരിശോധിക്കാൻ വക്കീലിന് അനുവാദം നല്‍കിയില്ലെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇറാൻ ഇതിനകം 29 പുരുഷന്മാരെ വധിച്ചിട്ടുണ്ട്. ഈ വർഷം മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് 16 സ്ത്രീകള്‍ക്ക് വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെങ്കിലും, രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്ക് നേരെ വധശിക്ഷ പ്രഖ്യാപിക്കുന്നത് ഇറാനില്‍ വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.