മുർഷിദാബാദ്: വെള്ളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ശരീരമാകെ അസഹനീയമായ കത്തുന്ന വേദന അനുഭവപ്പെടുന്നുവെന്ന് പറയുന്ന 16കാരന്റെ ദുരിതജീവിതം.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെല്‍ഡംഗ സ്വദേശിയായ ഇക്ബാല്‍ ഷെയ്ഖാണ് കഴിഞ്ഞ അഞ്ച് വർഷമായി ഈ ആരോഗ്യപ്രശ്നം നേരിടുന്നത്. വെള്ളത്തില്‍ കഴിയുമ്പോഴാണ് ആശ്വാസം ലഭിക്കുന്നതെന്നാണ് ഇക്ബാലിന്റെ അവകാശവാദം.വെള്ളത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ശരീരത്തില്‍ ശക്തമായ ചൂടും കത്തുന്ന അനുഭവവും ഉണ്ടാകുന്നതിനാല്‍ മണിക്കൂറുകളല്ല, ചിലപ്പോള്‍ ദിവസങ്ങളോളം കുളത്തില്‍ കഴിയേണ്ടിവരുന്ന അവസ്ഥയാണെന്ന് ഇക്ബാല്‍ പറയുന്നു. തുടർച്ചയായി വെള്ളത്തില്‍ കഴിയുന്നതിനാല്‍ കൈകാലുകളിലെ ചർമ്മത്തിന് ഗുരുതരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും തണുപ്പും ചുമയും ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
സാധാരണ ജീവിതം നയിക്കേണ്ട പ്രായത്തില്‍ പഠനവും കൂട്ടുകാരുമെല്ലാം വിട്ട് കുളത്തില്‍ കഴിയേണ്ടിവരുന്നത് ഇക്ബാലിന്റെ ജീവിതത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. എന്നാല്‍, ഈ അവസ്ഥയ്ക്ക് കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ല. രോഗനിർണയത്തിനായി വിദഗ്ധ മെഡിക്കല്‍ പരിശോധനയും ചികിത്സയും ആവശ്യമാണ്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് വിദഗ്ധ ചികിത്സയ്ക്കുള്ള ചെലവ് വഹിക്കാനാകാത്തതാണ് പ്രധാന പ്രതിസന്ധി.
പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമായ സഹായം ലഭിച്ചില്ലെന്നും കുടുംബം പറയുന്നതായി റിപ്പോർട്ടുണ്ട്. അതിനിടെ, ഇക്ബാലിന്റെ അവസ്ഥ അറിഞ്ഞതോടെ പ്രദേശവാസികള്‍ സഹായവുമായി മുന്നോട്ടുവരികയാണ്.
കുളത്തിന്റെ കരയില്‍ എത്തുന്ന ചിലർ ഇക്ബാലിന് ബിസ്കറ്റും മറ്റും ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഭക്ഷണം നല്‍കുന്നതിലുപരി ഈ കുട്ടിക്ക് ആവശ്യമായത് വിദഗ്ധരായ ഡോക്ടർമാരുടെ പരിശോധനയും തുടർചികിത്സയുമാണ്. ഇക്ബാലിന്റെ ആരോഗ്യപ്രശ്നത്തിന്റെ യഥാർഥ കാരണം കണ്ടെത്തി അനുയോജ്യമായ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.