സത്യമോ കള്ളമോ: കല്ലറ തുറന്നാല്‍ മരണം നിശ്ചയം:.! ഒരു രാജാവിന്റെ ശപിക്കപ്പെട്ട കല്ലറയുടെ യാഥാർത്ഥ്യം,

റോം: ഈജിപ്ത് ഫറവോനായിരുന്ന ടുട്ടൻഖാമുന്റെ ശവകുടീരം തുറന്നപ്പോള്‍ ചുറ്റുമുണ്ടായിരുന്നവരെ ശാപം പിടിക്കപ്പെട്ടു എന്ന് പറയപ്പെടുന്നുണ്ട്.അന്ന് ആ ശവകുടീരം കണ്ടെത്തിയത് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായിരുന്ന ഹോവാർഡ് കാർട്ടറും സംഘവുമായിരുന്നു.

ഹോവാർഡ് കാർട്ടറിനൊപ്പം ഉണ്ടായിരുന്ന സംഘത്തിലെ പലരും പല ദുരൂഹ സാഹചര്യങ്ങളിലായി മരണപ്പെട്ടിരുന്നു. ഇത് ഫറവോന്മാരുടെ ശാപം മൂലമാണെന്ന് പലരും വിശ്വസിച്ചു. ഈജിപ്തില്‍ കാലങ്ങളായുള്ള വിശ്വാസമാണ് ഫറവോന്മാരെ ആര് ശല്യപ്പെടുത്തുന്നോ അവരെ ഫറവോന്മാരുടെ ശാപം മരണം വരെ പിന്തുടരുമെന്ന്.

ടുട്ടൻഖാമുന്റെ ശാപം പിന്തുടർന്ന കഥ ലോകത്തിലെ സകല ജനങ്ങളെയും ഒരു കാലത്ത് ഏറെ പേടിപ്പെടുത്തിയിരുന്നു. ഫറവോന്മാരുടെ ശാപം വെറും കെട്ടുകഥയാണ് എന്നും മറിച്ച്‌ സത്യമാണ് എന്നും വിശ്വസിക്കപ്പെട്ടിരുന്നു. ഫറവോന്മാരുടെ ശാപത്തിന്റെ കഥ സത്യമോ കള്ളമോ ആയിക്കോട്ടെ, എന്നാല്‍ മമ്മിയുടെ ശാപം പിന്തുടർന്ന് മറ്റൊരു കഥയുണ്ട്

1970-കളുടെ തുടക്കത്തില്‍ ഒരു കൂട്ടം ഗവേഷകർ പോളണ്ടിലെ രാജാവായിരുന്ന കാസിമിർ IV ജാഗിയേലോണ്‍ എന്ന് അറിയപ്പെട്ടിരുന്ന കാസിമിർസ് ജാഗില്ലോണ്‍സിക് രാജാവിൻ്റെ ശവകുടീരം തുറന്നപ്പോള്‍, ശവകുടീരം തുറന്ന പന്ത്രണ്ടംഗ സംഘത്തില്‍ നാലുപേർ താമസിയാതെ തന്നെ മരണപ്പെട്ടു. പലരും പല സാഹചര്യങ്ങളിലായി മരണപ്പെടുകയായിരുന്നു.

കാസിമിർസ് രാജാവ്

1447 മുതല്‍ 1492 വരെ പോളണ്ട് ഭരിച്ചിരുന്നത് കാസിമിർസ് രാജാവായിരുന്നു. അദ്ദേഹം പോളണ്ടിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും തന്ത്രപരമായ വിവാഹങ്ങളിലൂടെയും സൈനിക പ്രചാരണങ്ങളിലൂടെയും അതിർത്തികള്‍ വിപുലീകരിക്കുകയും, ജാഗിയല്ലോണിയൻ സർവകലാശാല സ്ഥാപിക്കുകയും ചെയ്തു. കാസിമിർസ് രാജാവിന്റെ നയതന്ത്ര വൈദഗ്ദ്ധ്യം അയല്‍ രാജ്യങ്ങളുമായി സമാധാനം നിലനിർത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സൈനിക വിജയങ്ങള്‍ കിഴക്കൻ യൂറോപ്പില്‍ പോളണ്ടിന്റെ ആധിപത്യം ഉറപ്പാക്കി. 

കാസിമിർസ് ഓസ്ട്രിയയിലെ റാണിയായിരുന്ന എലിസബത്തിനെ വിവാഹം കഴിച്ചു, അദ്ദേഹത്തിന് 13 കുട്ടികളുണ്ടായിരുന്നു. കാസിമിർസിന്റെ 45 വർഷത്തെ ഭരണം പോളണ്ടിൻ്റെ സുവർണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്നു, ഇത് സാംസ്കാരികവും സാമ്പത്തികവും പ്രാദേശികവുമായ വളർച്ചയാല്‍ അടയാളപ്പെടുത്തി. 

മരണശേഷം പോളണ്ടിലെ ക്രാക്കോവിലെ വാവെല്‍ കത്തീഡ്രലിലായിരുന്നു രാജാവിന്റെയും റാണിയുടേയും ശവകുടീരങ്ങള്‍ സൂക്ഷിച്ചിരുന്നത്. വർഷങ്ങളോളം ആരും തന്നെ കല്ലറ തുറക്കുവാൻ പോലും തുനിഞ്ഞിരുന്നില്ല. എന്നാല്‍ 1970-ല്‍ ശാപം തേടി ചില മനുഷ്യരെത്തി.

രാജിവന്റെ കല്ലറയും കല്ലറയില്‍ ഒളിഞ്ഞിരുന്ന ശാപവും

1970-കളില്‍ പോളണ്ട് സോഷ്യലിസ്റ്റ് രാജ്യമായിരുന്നതിനാല്‍ പല തരത്തിലുള്ള ഗവേഷണങ്ങളും അനുവദിച്ചിരുന്നില്ല. ചരിത്ര സ്ഥലങ്ങളും പരിശോധിക്കുന്നതിനുള്ള കരാർ ലഭിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല, അതിനാല്‍ ഏത് തരത്തിലുള്ള ഗവേഷണത്തിനും അനുമതി ലഭിച്ചാലും പുരാവസ്തു ഗവേഷകർക്കിടയില്‍ ആവേശം വളരെ വലുതായിരുന്നു. ചരിത്ര പ്രാധാന്യമുള്ള പലയിടങ്ങളും പഠനത്തിന്റെ ഭാഗമായി പരിശോധിക്കാൻ ഗവേഷകരെ അനുവദിച്ചിരുന്നില്ല. പുരാവസ്തുക്കളിലും അവയുടെ പഠനത്തിലും ഏറെ താല്പര്യം ഉണ്ടായിരുന്ന ക്രാക്കോവിലെ ആർച്ച്‌ ബിഷപ്പ് കർദ്ദിനാള്‍ കരോള്‍ വോജ്റ്റില, കാസിമിർസ് രാജാവിന്റെ കല്ലറയെ കുറിച്ച്‌ പഠിക്കുവാൻ ഗവേഷകർക്ക് അനുമതി നല്‍കി.

അങ്ങനെ 500 വർഷം മുൻപ് മരണപ്പെട്ട രാജാവിന്റെ കല്ലറ തുറക്കുവാൻ ഗവേഷകർ തയ്യാറായി, ഈ വിവരം അറിഞ്ഞ ജനങ്ങളും ഏറെ ആശ്ചര്യത്തോടെ ഇതിനെ നോക്കിക്കണ്ടു. തുടർന്ന് കല്ലറ തുറക്കുവാനുള്ള ദിവസവും നിശ്ചയിക്കപ്പെട്ടു, 1973 ഏപ്രില്‍ 13. കല്ലറ തുറക്കുവാനായി നിയോഗിക്കപ്പെട്ടത് 12 ഗവേഷകരെയായിരുന്നു. അവർ അങ്ങനെ ഏപ്രില്‍ 13ന് ദൗത്യം ആരംഭിച്ചു.

കത്തീഡ്രലിനുള്ളില്‍ ഒരു പ്രത്യേക മുറിയിലായിരുന്നു രാജാവിന്റെ കല്ലറ സൂക്ഷിച്ചിരുന്നത്. അവിടേക്ക് എത്തിയ ഗവേഷകർ കാണുന്നത് ആകെ തകർന്ന് മരം കൊണ്ട് നിർമ്മിക്കപ്പെട്ട രാജാവിന്റെ കല്ലറയായിരുന്നു. അതോടൊപ്പം രാജാവിന്റെ മൃതദേഹ അവശിഷ്ടങ്ങളും കിടപ്പുണ്ടായിരുന്നു. പരിശോധനയ്ക്കിടെ കുറച്ച്‌ ഗവേഷകർ സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരണപ്പെട്ടു, ചിലർ അണുബാധകള്‍ മൂലവും മറ്റുള്ളവർ സ്ട്രോക്ക് മൂലവും. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം, സംഘത്തിലെ നാല് പേർ മരിച്ചു, അടുത്ത കുറച്ച്‌ വർഷങ്ങളില്‍ മറ്റ് പലരും ക്യാൻസറോ മറ്റ് രോഗങ്ങളോ ബാധിച്ച്‌ മരിച്ചു. മൊത്തത്തില്‍, ശവകുടീരത്തിലും ലബോറട്ടറികളിലുമായി ജോലി ചെയ്തിരുന്ന 15 ല്‍ ഏറെ ആളുകള്‍ കാസിമിർ നാലാമൻ ജാഗിയേലോണ്‍ രാജാവിൻ്റെ അവശിഷ്ടങ്ങളുമായുള്ള സമ്പർക്കം കാരണം മരിച്ചിരുന്നു. ഈജിപ്തിലെന്ന പോലെ രാജാവിന്റെ ശാപമാണ് ഏവരുടെയും മരണത്തിനു കാരണമെന്ന് വിശ്വസിക്കപ്പെട്ടു. അക്കാലത്ത് മാധ്യമങ്ങളും ഇത് വലിയ വാർത്തയാക്കിയിരുന്നു

ചുരുളഴിഞ്ഞ ശാപത്തിന്റെ കഥ

വർഷങ്ങള്‍ നീണ്ട പഠനത്തിനു ശേഷമാണ് 15-ലധികം ആളുകളുടെ മരണത്തിൻ്റെ യഥാർത്ഥ കാരണം ഗവേഷകർ കണ്ടെത്തുന്നത്. രാജാവിന്റെ ശവകുടീരത്തില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ പരിശോധനകള്‍ക്ക് വിധേയമാക്കി. തുടർന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളായിരുന്നു.

ആസ്പർജില്ലസ് ഫ്ലാവസ്, പെൻസിലിയം റബ്രം, പെനിസിം റുഗോല്‍സം എന്നിങ്ങനെ മനുഷ്യ ജീവൻ തന്നെ അപഹരിക്കുവാൻ ശേഷിയുള്ള ഫൻഗസായിരുന്നു അത്. B1B2 എന്നിങ്ങനെ മാരകമായ അഫ്ലാറ്റോക്സിൻ വിഭാഗത്തിലെ വിഷാംശങ്ങളാണ് ഈ ഫൻഗസുകള്‍ ഉല്പാദിപ്പിച്ചിരുന്നത്. ഒരുപക്ഷെ രാജാവ് മരണപ്പെടുവാൻ കാരണം ഈ ഫൻഗസുക്കളെന്നോ എന്ന് സംശയിക്കപ്പെടുന്നു. മോഷ്ടാക്കളില്‍ നിന്നും കല്ലറയെ സംരക്ഷിക്കുവാൻ വേണ്ടി മനപ്പൂർവം ഈ ഫൻഗസുകള്‍ നിക്ഷേപിച്ചതാകാം എന്നും പറയപ്പെടുന്നുണ്ട്. ഈ ഫൻഗസുകള്‍ തന്നെയാണ് ഗവേഷകരുടെ ജീവൻ കവർന്നത് എന്ന് ഉറപ്പായിരുന്നു.

ഈജിപ്ത് ഫറവോനായിരുന്ന ടുട്ടൻഖാമുന്റെ കല്ലറയിലും സമാനമായ ഫൻഗസുകള്‍ ഉണ്ടായിരിക്കണം , അതുകൊണ്ടാകാം അന്നും ഗവേഷകർ മരണപ്പെട്ടത്.ശാസ്ത്രം പുരോഗമിക്കാത്ത കാലത്ത് എല്ലാം ശാപം മാത്രമായിരുന്നു. തുടർന്ന് നടത്തിയ പഠനങ്ങളില്‍ 40 -ലേറെ ഈജിപ്തിലെ മമ്മികളുടെ കല്ലറകളില്‍ നിന്നും ഇത്തരത്തിലുള്ള അപകടകാരികളായ ഫൻഗസുകളുടെ സാന്നിധ്യത്തെ കണ്ടെത്തിയിരുന്നു.

 രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ആദ്യം ഫൻഗസുകള്‍ പിടിപ്പെടുന്നു . ഈ പഠനങ്ങള്‍ പുറത്തു വന്നതോടെ ഗവേഷകർ മുൻകരുതലുകള്‍ എടുക്കുവാൻ തുടങ്ങി. ശാസ്ത്രം പുരോഗമിച്ചപ്പോള്‍ ശാപത്തിന്റെ കെട്ടുകള്‍ അഴിയുവാൻ തുടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !