ചൈന: നായ്ക്കള്‍ മനുഷ്യന്‍റെ നല്ല ചങ്ങാതിമാരാണ്. സ്വന്തം ജീവൻ പോലും കളഞ്ഞ് യജമാനനെ സംരക്ഷിക്കുന്ന, വിശ്വസ്ത കാവല്‍ക്കാർ നൂറ്റാണ്ടുകളായി മനുഷ്യനൊപ്പമുണ്ട്. ദുരന്തമുഖത്തും കുറ്റാന്വേഷണരംഗത്തും നായ്ക്കള്‍ മനുഷ്യനു വലിയ സഹായിയാണ്.
ഇപ്പോള്‍, ബഹിരാകാശത്തും മനുഷ്യന്‍റെ തുണക്കെത്താനൊരുങ്ങുകയാണ് നായ്ക്കള്‍. വളർത്തുനായ്ക്കളല്ല; യന്ത്രശ്വാനന്മാർ, അതായത്- റോബോട്ടിക് നായ്ക്കള്‍.ചന്ദ്രനില്‍ ചൈന നിർമിക്കാൻ പദ്ധതിയിടുന്ന ഇന്‍റർനാഷണല്‍ ലൂണാർ റിസെർച്ച് സ്റ്റേഷ (ILRS) ന്‍റെ സുരക്ഷയ്ക്കും ദൈനംദിന പ്രവർത്തനങ്ങള്‍ക്കുമായി പ്രത്യേക റോബോട്ട് നായ്ക്കളെ (Robot Watchdogs) വിന്യസിക്കാനാണ് ചൈനീസ് ഗവേഷർ പദ്ധതിയിടുന്നത്. ചൈന അക്കാദമി ഓഫ് സ്പേസ് ടെക്നോളജിയിലെ (CAST) ഗവേഷകരാണ് മനുഷ്യന്‍റെ ചാന്ദ്രദൗത്യങ്ങള്‍ക്കു സഹായമേകുന്ന റോബോട്ടിക് സാങ്കേതികവിദ്യയുടെ പിന്നില്‍.
ചന്ദ്രോപരിതലത്തിലെ കഠിനമായ കാലാവസ്ഥയിലും അപകടകരമായ ഭൂപ്രകൃതിയിലും പട്രോളിംഗ് നടത്തുകയാണ് യന്ത്രശ്വാനന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല. കൂടാതെ ചന്ദ്രനില്‍ എത്തുന്ന ബഹിരാകാശഗവേഷകർക്ക് ആവശ്യമായ അപൂർവ സാമ്പിളുകള്‍ ശേഖരിക്കാനും ചന്ദ്രോപരിതലത്തിലെ ജലാംശത്തിന്‍റെ ഉറവിടങ്ങള്‍ തിരയാനും റോബോട്ടിക് വാച്ച്‌ഡോഗ്സ് ഗവേഷകരെ സഹായിക്കും.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം പോലെയുള്ള കഠിനമായ ഭൂപ്രദേശങ്ങളില്‍ ഉണ്ടാകാനിടയുള്ള അപകടങ്ങള്‍, മറ്റു തടസങ്ങള്‍ എന്നിവ മുൻകൂട്ടി കണ്ടെത്താനും ബഹിരാകാശനിലയത്തിലെ ഗവേഷകർക്കു സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാനും റോബോട്ടുകള്‍ക്കു കഴിയും. മാത്രമല്ല, റോബോട്ടിക് നായ്ക്കള്‍ സ്വയംനിയന്ത്രിതമാണ്. അതുകൊണ്ടു മനുഷ്യർക്കു കടന്നുചെല്ലാൻ പ്രയാസമുള്ള മേഖലകളില്‍ ഇവയെ പ്രവേശിപ്പിക്കാൻ കഴിയുമെന്നും ചൈനീസ് ഗവേഷകർ പറയുന്നു.
മനുഷ്യന്‍റെ ബഹിരാകാശ യാത്രയെ ഭൂമിയില്‍നിന്നു ചന്ദ്രനിലേക്കു വ്യാപിപ്പിക്കുന്ന ചൈനയുടെ ദീർഘകാല പദ്ധതികളില്‍ ഇത്തരം റോബോട്ടിക് സംവിധാനങ്ങള്‍ നിർണായകമാണ്. വരാനിരിക്കുന്ന (Chang'e-7 & Chang'e-8) ദൗത്യങ്ങളിലൂടെ ചന്ദ്രനിലെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും റോബോട്ടിക് നിർമാണ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതിനുമുള്ള അടിത്തറ പാകുകയാണ് ചൈനയുടെ ലക്ഷ്യം.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.