കാലിഫോർണിയയിലെ വിശാലമായ വനാന്തരങ്ങളില്‍ നിന്ന് പ്രകൃതിസ്‌നേഹികളുടെ ഹൃദയത്തിലേക്ക് പറന്നിറങ്ങിയ 'ജാക്കി' എന്ന അപൂർവ്വ ബാള്‍ഡ് ഈഗിള്‍ ഇനി ഓർമ്മ മാത്രം.
മൂന്നാഴ്ചയിലധികം നീണ്ട തീവ്രപരിചരണത്തിനും വെറ്ററിനറി വിദഗ്ധരുടെ പോരാട്ടങ്ങള്‍ക്കുമൊടുവില്‍ ഓജായ് റാപ്റ്റർ സെന്ററില്‍ വെച്ചാണ് ജാക്കി വിടവാങ്ങിയത്. ഈ മേഖലയിലെ ഏറ്റവും പ്രശസ്തവും മനുഷ്യർ ഏറെ സ്നേഹത്തോടെ പിന്തുടരുകയും ചെയ്ത ഒരു വന്യജീവി പ്രതീകത്തിന്റെ അന്ത്യമാണ് വന്യജീവി പുനരധിവാസ കേന്ദ്രം ആഗസ്റ്റ് 10ന് സ്ഥിരീകരിച്ചത്.ഫ്രണ്ട്‌സ് ഓഫ് ബിഗ് ബെയർ വാലിയുടെ ലൈവ് സ്ട്രീമുകളിലൂടെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പ്രകൃതിസ്‌നേഹികളുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു ജാക്കി. എന്നാല്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ ബിഗ് ബെയർ തടാകത്തിന് സമീപം പറക്കാനാകാതെ ദയനീയമായി നിലത്തു കിടക്കുന്ന നിലയിലാണ് അവളെ കണ്ടെത്തിയത്. മറ്റ് കഴുകന്മാരുമായി ഏർപ്പെട്ട ഏറ്റുമുട്ടലിലാണ് പരിക്കേറ്റതെന്ന് കരുതിയെങ്കിലും, പരിശോധനയില്‍ അവളുടെ ശരീരത്തെ വേട്ടയാടുന്ന ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മൃഗഡോക്ടർമാർ കണ്ടെത്തുകയായിരുന്നു.
വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും നിരീക്ഷണവും അതിതീവ്രമായ മെഡിക്കല്‍ പരിചരണവുമാണ് ജാക്കിക്ക് നല്‍കിയിരുന്നത്. അവളുടെ ജീവൻ നിലനിർത്താനും രോഗബാധയുടെ യഥാർത്ഥ കാരണം കണ്ടെത്താനും ഡോക്ടർമാർ അഹോരാത്രം പരിശ്രമിച്ചു. വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര വെറ്ററിനറി വിദഗ്ധരും ഒത്തുചേർന്ന് ജാക്കിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്തു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.