ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലുള്ള സില്‍വർ നദിയില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ സ്ത്രീയെ പത്തടിയോളം നീളമുള്ള ഭീമൻ മുതല ആക്രമിച്ചു.
നദിയില്‍ പാഡില്‍ബോർഡിംഗ് (തുഴഞ്ഞുപോകുന്ന ഒരുതരം ബോട്ട്) നടത്തുകയായിരുന്ന സ്ത്രീയുടെ കൈ കടിച്ചുപറിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ച മുതലയുടെ പിടിയില്‍ നിന്നും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന ബോട്ട് യാത്രികൻ്റെ ധീരവും സമയോചിതവുമായ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിച്ചത്.കഴിഞ്ഞദിവസം വടക്കൻ-മധ്യ ഫ്ലോറിഡയിലെ സില്‍വർ നദിയിലാണ് സംഭവം. കുടുംബത്തോടൊപ്പം നദിയില്‍ നീന്തുകയും ബോട്ടിംഗ് നടത്തുകയുമായിരുന്ന സ്ത്രീയെ മുതല പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. സ്ത്രീയുടെ കൈയില്‍ കടിച്ച മുതല ഇവരെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു. കയ്യിലുണ്ടായിരുന്ന തുഴ ഉപയോഗിച്ച് സ്ത്രീ പരമാവധി പ്രതിരോധിച്ചെങ്കിലും മുതല ആക്രമണം തുടർന്നു.
ഈ സമയം സമീപത്ത് ബോട്ടിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന ജോണ്‍ ഗമാഷെ എന്ന യുവാവ് സ്ത്രീയുടെയും കുടുംബത്തിൻ്റെയും ഉച്ചത്തിലുള്ള നിലവിളി കേള്‍ക്കുകയായിരുന്നു. തുടർന്ന് ഇയാള്‍ തൻ്റെ ബോട്ടുമായി സംഭവസ്ഥലത്തേക്ക് കുതിച്ചു. ബോട്ടിൻ്റെ അമിത ശബ്ദവും വേഗതയും കണ്ട് ഭയന്ന മുതല സ്ത്രീയെ ഉപേക്ഷിച്ച് പിന്തിരിഞ്ഞു.
“എല്ലുകള്‍ പുറത്തുചാടിയ നിലയില്‍ അതിമാരകമായ പരിക്കായിരുന്നു സ്ത്രീക്ക്. ചോരയൊഴുകി സെക്കൻ്റുകള്‍ക്കുള്ളില്‍ ജീവൻ നഷ്ടപ്പെടാവുന്ന അവസ്ഥ. ഒട്ടും സമയം കളയാതെ ബോട്ടിലുണ്ടായിരുന്ന കയറെടുത്ത് ഞാൻ അവരുടെ മുറിവേറ്റ ഭാഗം മുറുക്കിക്കെട്ടി രക്തസ്രാവം തടഞ്ഞു,” ജോണ്‍ ഗമാഷെ പത്രപ്രവർത്തകരോട് പറഞ്ഞു. ഈ സമയം ജോണിൻ്റെ പിതാവ് വെള്ളത്തിലുണ്ടായിരുന്ന മറ്റ് കുട്ടികളെയും കുടുംബാംഗങ്ങളെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
ഉടൻ തന്നെ സ്ഥലത്തെത്തിയ അടിയന്തിര രക്ഷാപ്രവർത്തകർ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ നിലവില്‍ സുഖം പ്രാപിച്ച് വീട്ടില്‍ തിരിച്ചെത്തിയതായി കുടുംബം അറിയിച്ചു. അക്രമകാരിയായ മുതലയെ പിടികൂടുന്നതിനായി അധികൃതർ സില്‍വർ നദി താല്‍ക്കാലികമായി അടച്ചുപൂട്ടി.
പിന്നീട് വിദഗ്ദ്ധരായ സംഘം എത്തി 9 അടി 8 ഇഞ്ച് നീളമുള്ള മുതലയെ നദിയില്‍ നിന്നും പിടികൂടി മാറ്റിയ ശേഷമാണ് നദി വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഫ്ലോറിഡയില്‍ സമീപകാലത്തായി മുതലകളുടെ ആക്രമണം വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.