കൂങ്കായ് ഗൊലോക്ക്: തെക്കന്‍ തായ്ലന്ഡില് ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ മിന്നലേറ്റ് യുവ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം.
സാംകോള്ട്സ് (SAMCOLTS) ടീമിന്റെ വിങ് താരമായിരുന്ന 24 വയസ്സുകാരന് സോഫ്വാന് അവായ് (Sofwan Awae) ആണ് മിന്നലേറ്റു മരിച്ചത്. ഇടിമിന്നലില്‍ 12 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ തായ്ലന്ഡിലെ സുങ്കായ് ഗൊലോക്കിലുള്ള സന്തിഫാപ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തിനിടയിലാണ് ദാരുണമായ സംഭവം.ശക്തമായ മഴയ്ക്കിടെ വന്‍ ശബ്ദത്തോടെ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്ക് മിന്നല്‍ പതിക്കുകയായിരുന്നു. മിന്നലേറ്റ ഉടന്‍ കറുപ്പും വെള്ളയും കുപ്പായമണിഞ്ഞ സഹതാരങ്ങള്‍ ഓടിയെത്തി സോഫ്വാനെ മലര്‍ത്തിക്കിടത്തി സി.പി.ആര് (CPR) നല്കാന് ശ്രമിച്ചു. തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി അടിയന്തര വൈദ്യസഹായം നല്കി ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സോഫ്വാന്റെ ജീവന് രക്ഷിക്കാനായില്ലെന്ന് സുങ്കായ് ഗൊലോക്ക് പോലീസ് മേധാവി തുന്‍ സിരിഖുന്ത് അറിയിച്ചു.
സംഭവത്തില്‍ 22 കാരനായ മലേഷ്യന്‍ പൗരന് ഉള്‍പ്പെടെ 12 കളിക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ സുങ്കായ് കൊളോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മലേഷ്യന്‍ താരമായ മുഹമ്മദ് അലിഫ് ഇസ്സഹാന് സുല്‍ക്കിഫ്ലി തുടര്‍ ചികിത്സയ്ക്കായി മലേഷ്യയിലേക്ക് മടങ്ങി.
അമേച്ചര്‍ ടീമുകളും തായ്-മലേഷ്യന്‍ ടീമുകളും പങ്കെടുത്ത പ്രാദേശിക ടൂര്‍ണമെന്റായ 'ഗൊലോക്ക് എഫ്.എ കപ്പ്' മത്സരത്തിനിടെയാണ് ദുരന്തം. സാംകോള്ട്സും അബു x നോങ് സിരിനും തമ്മിലായിരുന്നു ചൊവ്വാഴ്ചത്തെ മത്സരം. തായ്ലന്ഡിലെ മൂന്നാം ഡിവിഷന് ക്ലബ്ബായ യലാ എഫ്.സി (Yala FC) അടുത്തിടെയാണ് സോഫ്വാനെ ടീമിലെത്തിച്ചിരുന്നത്. സോഫ്വാന്റെ നിര്യാണത്തില്‍ യലാ എഫ്.സി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
തായ് ഡിസീസ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കനുസരിച്ച് 2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ തായ്ലന്ഡില് 283 പേര്‍ക്ക് മിന്നലേറ്റിട്ടുണ്ട്. മേയ് മാസത്തില്‍ വടക്കന്‍ തായ്ലന്ഡിലെ ലാംപാങ് പ്രവിശ്യയില്‍ കുടിലില്‍ അഭയം പ്രാപിച്ച എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും , ഉത്തായ് താനി പ്രവിശ്യയില്‍ 30 വയസ്സുള്ള ഗര്‍ഭിണിയും മിന്നലേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കായിക ലോകത്തെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.