ഡാർവിൻ: ഓസ്‌ട്രേലിയയിലെ തിവി ദ്വീപ് സമൂഹത്തിൻ്റെ ഭാഗമായ മെല്‍വില്ലെ ദ്വീപില്‍ നിന്ന് വിനാശകാരികളായ ഉഷ്ണമേഖലാ ഫയർ ഉറുമ്പുകളെ പൂർണ്ണമായും തുടച്ചുനീക്കി.
തദ്ദേശീയരായ ‘തിവി റെയ്ഞ്ചർമാർ’ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നടത്തിവന്ന നിരന്തരമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് ഒടുവില്‍ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. പ്രദേശത്തെ അത്യപൂർവ്വ ജീവജാലങ്ങള്‍ക്കും മനുഷ്യർക്കും ഒരേപോലെ ഭീഷണിയായ ഈ അധിനിവേശ ഉറുമ്പ് വർഗ്ഗത്തെ ഇല്ലാതാക്കാൻ ശാസ്ത്രജ്ഞർ, സർക്കാർ പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ സംരംഭകർ എന്നിവർ കൈകോർത്തു.ഈ ചരിത്ര നേട്ടത്തോടെ തിവി ഐലൻഡ് റെയ്ഞ്ചർമാർക്ക് ഡാർവിനില്‍ വെച്ച് ‘ടെറിട്ടറി ഇൻഡിജിനസ് നാച്ചുറല്‍ റിസോഴ്സ് മാനേജ്മെൻ്റ് അവാർഡും’ ലഭിച്ചു. പതിനാറാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് സഞ്ചരിച്ച സ്പാനിഷ് നാവികരുടെ കപ്പലുകളിലെ മണ്ണിലൂടെയാണ് ഈ ഫയർ ഉറുമ്പുകള്‍ പസഫിക് സമുദ്രം കടന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ എത്തിയതെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
രണ്ടായിരത്തിൻ്റെ തുടക്കത്തിലാണ് ഇവ മെല്‍വില്ലെ ദ്വീപില്‍ പെറ്റുപെരുകാൻ തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് ഇവിടുത്തെ പ്രകൃതിയെ വിഴുങ്ങിയ ഇവ, തദ്ദേശീയ പക്ഷികളുടെ കൂടുകൂട്ടലിനെ തടസ്സപ്പെടുത്തുകയും ചെറുകിട സസ്തനികളെ വേട്ടയാടുകയും ചെയ്തു പോന്നു.
ആഗോളതലത്തില്‍ 1,535 ഹെക്ടറോളം വരുന്ന ഇത്രയും വലിയൊരു പ്രദേശത്തുനിന്നും ഫയർ ഉറുമ്പുകളെ പൂർണ്ണമായി ഇല്ലാതാക്കുക എന്നത് സമാനതകളില്ലാത്ത നേട്ടമാണെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കിയ ബെൻ ഹോഫ്മാൻ വ്യക്തമാക്കി.
സാധാരണയായി ഒരു ഹെക്ടറിലോ അല്ലെങ്കില്‍ ചില ഉറുമ്പ് കൂട്ടുകളിലോ മാത്രമായി ഇത്തരം പദ്ധതികള്‍ ഒതുങ്ങാറാണ് പതിവ്. എന്നാല്‍ വിശാലമായ പ്രദേശത്ത് മരുന്ന് തളിക്കുന്നതിന് പകരം, 40-ലധികം വരുന്ന റെയ്ഞ്ചർമാർ ഓരോ ഉറുമ്പുകൂടുകളും അതിശ്രമകരമായി കണ്ടെത്തി വിഷം നല്‍കുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചത്.
മനുഷ്യരില്‍ കടുത്ത അലർജിയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ ഈ ഉറുമ്പുകളുടെ കടിക്ക് ശേഷിയുണ്ടായിരുന്നു എന്ന് തദ്ദേശീയ റെയ്ഞ്ചറായ സ്റ്റാൻലി ടിപുങ്വുതി പറഞ്ഞു. തിവി ദ്വീപുകളിലെ നാല് തരം അപൂർവ്വ കടലാമകളുടെ നിലനില്‍പ്പിന് ഈ വിജയം അത്യന്തം നിർണ്ണായകമാണ്.
ഒലിവ് റിഡ്‌ലി, ഗ്രീൻ ടർട്ടില്‍, ഫ്ലാറ്റ്ബാക്ക്, അതീവ വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബില്‍ എന്നീ കടലാമകള്‍ മുട്ടയിട്ട് വിരിയുന്ന പ്രധാന കേന്ദ്രമാണിത്. മണലില്‍ നിന്ന് വിരിഞ്ഞിറങ്ങി കടലിലേക്ക് പോകുന്ന കുഞ്ഞൻ കടലാമകളെ ഈ ഫയർ ഉറുമ്പുകള്‍ കൂട്ടത്തോടെ ആക്രമിച്ചു കൊല്ലാറുണ്ടായിരുന്നു. ഉറുമ്പുകളെ പൂർണ്ണമായി തുടച്ചുനീക്കിയതോടെ ഈ കടലാമക്കുഞ്ഞുങ്ങള്‍ക്ക് ഇനി സുരക്ഷിതമായി സമുദ്രത്തിലേക്ക് മടങ്ങാം.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.