ഡബ്ലിൻ: കടുത്ത ആരോഗ്യ സുരക്ഷാ വീഴ്ചകളും കടുത്ത അശുചിത്വവും കണ്ടെത്തിയതിനെ തുടർന്ന് അയർലൻഡിൽ 11 ഭക്ഷണശാലകൾ അടച്ചുപൂട്ടാൻ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് (FSAI) ഉത്തരവിട്ടു.
എത്ര പറഞ്ഞാലും ശരിയാക്കാന്‍ സമയം കൊടുത്താലും പഠിക്കില്ല. കഴിഞ്ഞ മാസം അധികൃതർ നടത്തിയ മിന്നൽ പരിശോധനകളിലാണ് മനുഷ്യവിസർജ്യം കവിഞ്ഞൊഴുകിയതും പാറ്റകളും എലികളും നിറഞ്ഞതുമായ അതീവ ഗുരുതരമായ സാഹചര്യങ്ങൾ കണ്ടെത്തിയത്. അടച്ചുപൂട്ടിയവയിൽ ഭൂരിഭാഗവും ഏഷ്യൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള വിദേശ ഭക്ഷണങ്ങൾ വിളമ്പുന്ന പ്രമുഖ റെസ്റ്റോറന്റുകളും ടേക്ക് എവേകളുമാണ്.
കൗണ്ടി ഓഫ്‌ലിയിലെ മൗണ്ട്ബോലസിലുള്ള 'വില്ലേജ് ഷോപ്പ് ആൻഡ് ടേക്ക് എവേ' (Village Shop & Takeaway) എന്ന സ്ഥാപനത്തിലാണ് ഏറ്റവും അറപ്പുളവാക്കുന്ന സാഹചര്യം കണ്ടെത്തിയത്. ഇവിടെ ഭക്ഷണസാധനങ്ങളും പാചക ഉപകരണങ്ങളും സൂക്ഷിക്കുന്ന മുറിയിലെ ഒരു മാൻഹോളിൽ നിന്ന് മനുഷ്യവിവർജ്യം കവിഞ്ഞൊഴുകിയ നിലയിലായിരുന്നു. പാചകപ്പുരയ്ക്ക് തൊട്ടടുത്തുള്ള ഈ മുറിയിലെ മലിനജലം ഭക്ഷണത്തിൽ മാരകമായ ബാക്ടീരിയബാധയ്ക്ക് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഡബ്ലിനിലെ പ്രശസ്തമായ 'ദിവാലി ഇന്ത്യൻ റെസ്റ്റോറന്റിൽ' (Diwali Restaurant, George's Street) അടുക്കളയിലുടനീളം കക്കറൊച്ചുകളുടെ (പാറ്റ) വലിയ ശല്യമാണ് കണ്ടെത്തിയത്. ക്ലോൺമെലിലെ 'ബാബിലോൺ റെസ്റ്റോറന്റിൽ' (Babylon Restaurant, Clonmel) ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നതിന് തൊട്ടടുത്തായി ചത്ത എലിയെയും എലിപ്പീട്ടയും കണ്ടെത്തുകയുണ്ടായി.
അടച്ചുപൂട്ടൽ നടപടി നേരിട്ട മറ്റ് പ്രധാന സ്ഥാപനങ്ങൾ ഇവയാണ്:
- ഇന്ത്യ ഡൈനിംഗ് (India Dining, Wicklow)
- ഷീല പാലസ് (Sheela Palace, Lucan)
- സുഷിമി (Sushimi, Dublin)
ഇവ കൂടാതെ ആവശ്യത്തിന് വൃത്തിയോ കൃത്യമായ ശുചീകരണ സംവിധാനങ്ങളോ ഇല്ലാത്ത മറ്റ് ചില ടേക്ക് എവേകളും തട്ടുകടകളും അധികൃതർ പൂട്ടിപ്പിച്ചിട്ടുണ്ട്.
അടിസ്ഥാന ശുചിത്വ നിയമങ്ങളുടെ ഇത്തരം ലംഘനങ്ങൾ "അങ്ങേയറ്റം ആശങ്കാജനകമാണെന്ന്" FSAI ചീഫ് ഗ്രെഗ് ഡെംപ്സി വ്യക്തമാക്കി. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി തുടരുമെന്നും, പൊതുജനങ്ങൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിന് മുൻപ് ആ സ്ഥാപനങ്ങളുടെ സമീപകാല പരിശോധനാ റെക്കോർഡുകൾ പരിശോധിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.