ലാഹോർ: നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (LeT) ഉന്നത നേതാക്കള്‍ ക്കൊപ്പം വേദി പങ്കിടുകയും സംഘടനയുടെ തലവൻ ഹഫീസ് സയീദിനെ പരസ്യമായി പ്രശംസിക്കുകയും ചെയ്ത മുൻ പാകിസ്താൻ കേന്ദ്രമന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
പൊതുവേദിയില്‍ വെച്ച് ഇന്ത്യയ്‌ക്കെതിരെ അതിരൂക്ഷമായ ഭീഷണികളും വർഗീയ പ്രകോപനങ്ങളുമാണ് മുൻ ആഭ്യന്തര മന്ത്രി കൂടിയായ ഷെയ്ഖ് റഷീദ് അഴിച്ചുവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാകിസ്താന്റെ ഭീകരവാദ പിന്തുണ വീണ്ടും ആഗോളതലത്തില്‍ തുറന്നുകാട്ടപ്പെടുകയാണ്.ലഷ്കർ ഇ തൊയ്ബ മുതിർന്ന കമാൻഡറും പാകിസ്താൻ മർകാസി മുസ്ലിം ലീഗ് (PMML) പ്രസിഡന്റുമായ ഖാലിദ് മസൂദ് സന്ധു, ഭീകരസംഘടനയുടെ കേന്ദ്ര ഉപദേശക സമിതി അംഗം ഖാരി മുഹമ്മദ് യാക്കൂബ് ഷെയ്ഖ് എന്നിവർക്കൊപ്പമാണ് ഷെയ്ഖ് റഷീദ് വേദി പങ്കിട്ടത്. ചടങ്ങില്‍ സംസാരിക്കവെ 'ഞാൻ ഹഫീസ് സയീദിന്റെ അടിമയാണ്' എന്ന് ഷെയ്ഖ് റഷീദ് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു.
താൻ മുൻപ് അമേരിക്കയില്‍ സന്ദർശനം നടത്തുന്നതിനിടെ ഹഫീസ് സയീദിന്റെ ഫോണ്‍ നമ്പർ തന്റെ ഫോണില്‍ കണ്ടതിനെ തുടർന്ന് യു.എസ് സർക്കാർ തന്നെ നാടുകടത്തിയിരുന്നുവെന്നും ഇയാള്‍ അവകാശപ്പെട്ടു.
തുടർന്ന് ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ വിഷവർഷമാണ് ഇയാള്‍ നടത്തിയത്. 'ഇന്ത്യ പാകിസ്താന് നേരെ നോക്കിയാല്‍ പോലും അള്ളാഹു ഇന്ത്യയെ നശിപ്പിക്കും. ഇന്ത്യയില്‍ കിളികള്‍ പോലും കൂട്ടില്ല, ക്ഷേത്രങ്ങളില്‍ മണികള്‍ മുഴങ്ങില്ല' എന്നായിരുന്നു മുൻ പാക് മന്ത്രിയുടെ ഭീഷണി. തങ്ങള്‍ എപ്പോഴും പാകിസ്താനൊപ്പവും ഹഫീസ് സയീദിനൊപ്പവുമാണെന്ന് ഇയാള്‍ കൂട്ടിച്ചേർത്തു.
ഇമ്രാൻ ഖാൻ സർക്കാരില്‍ 2020 മുതല്‍ 2022 വരെ പാകിസ്താന്റെ ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ് അവാമി മുസ്ലിം ലീഗ് തലവനായ ഷെയ്ഖ് റഷീദ്. ഭീകരരെ പരസ്യമായി പിന്തുണയ്ക്കുന്ന ഇയാളുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ഉയരുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.