ചെന്നൈ : കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ നിർണ്ണായക പ്രമേയം അവതരിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ ഒരുങ്ങുന്നു.
രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ ആകെ എണ്ണം 543 ആയി മാറ്റമില്ലാതെ ശാശ്വതമായി നിലനിർത്തണമെന്നും, സംസ്ഥാനങ്ങൾ തമ്മിലുള്ള നിലവിലെ സീറ്റ് വിഭജന അനുപാതത്തിൽ മാറ്റം വരുത്തരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു. കൂടാതെ, മണ്ഡല പുനർനിർണ്ണയത്തിനായി കാത്തുനിൽക്കാതെ നിലവിലെ സീറ്റ് എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തന്നെ 2029-ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പിലാക്കണമെന്നും പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെടും.കഴിഞ്ഞ 50 വർഷമായി 1971-ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ലോക്‌സഭാ സീറ്റുകൾ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പുതിയ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കി പുനർനിർണ്ണയം നടത്തുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യം വൻതോതിൽ കുറയുമെന്ന ആശങ്ക തമിഴ്‌നാടിനുണ്ട്.
ജനസംഖ്യ വിജയകരമായി നിയന്ത്രിക്കുകയും സാമ്പത്തിക-സാമൂഹിക ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്ത സംസ്ഥാനങ്ങൾക്ക് ശിക്ഷയെന്നോണം സീറ്റുകൾ കുറയുന്നത് അംഗീകരിക്കാനാകില്ലെന്നും, ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം തകർക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നും രാഷ്ട്രീയ നേതൃത്വം വ്യക്തമാക്കുന്നു.
പ്രമേയം നിയമസഭയിൽ കൊണ്ടുവരുന്നതിന് മുന്നോടിയായി ചെന്നൈ കലൈവാണർ അരംഗത്തിൽ എംപിമാരുടെ പ്രത്യേക യോഗം ചേരുകയുണ്ടായി. യോഗത്തിൽ നിന്ന് ഡിഎംകെ, അണ്ണാ ഡിഎംകെ, പിഎംകെ എന്നീ പാർട്ടികൾ മാറിനിന്നെങ്കിലും, കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ, എംഡിഎംകെ, ഐയുഎംഎൽ എന്നീ പാർട്ടികളിലെ 21 എംപിമാർ പങ്കെടുത്ത് പ്രമേയ നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
രാഷ്ട്രീയ എതിർപ്പുകളെ മറികടന്ന് വിഷയം നിയമസഭയുടെ ഔദ്യോഗിക നിലപാടാക്കി മാറ്റി കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കാനാണ് തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.