ജോ ബൈഡൻ ഗുരുതരാവസ്ഥയിൽ: പ്രോസ്റ്റേറ്റ് ക്യാൻസര്‍ അസ്ഥികളിലേക്കും പടര്‍ന്നു, വിവരം പങ്കുവെച്ച്‌ മകൻ,

യുഎസ്: മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രോസ്റ്റേറ്റ് ക്യാൻസർ അസ്ഥികളിലേക്ക് പടർന്നതായി മകൻ ഹണ്ടർ ബൈഡൻ വെളിപ്പെടുത്തി.

ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. 2025 മേയിലാണ് ബൈഡന് പ്രോസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചത്. ക്യാൻസർ എല്ലുകളിലേക്കും അതിനപ്പുറത്തേക്കും വ്യാപിച്ചത് അതികഠിനമായ വേദനയ്ക്കും ശാരീരിക അവശതകള്‍ക്കും കാരണമാകുന്നുണ്ടെന്ന് ഹണ്ടർ ബൈഡൻ പറഞ്ഞു. അദ്ദേഹത്തിന്റെ രോഗാവസ്ഥയ്ക്ക് ‘ഗ്ലീസണ്‍ സ്കോർ 9 (ഗ്രേഡ് ഗ്രൂപ്പ് 5)’ ആണെന്നാണ് കണ്ടെത്തല്‍.

ക്യാൻസർ കോശങ്ങളുടെ ഘടനയില്‍ വലിയ അസ്വാഭാവികത കാണപ്പെടുമ്പോഴാണ് അതിനെ ‘ഗ്രേഡ് 5’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു. പ്രോസ്റ്റേറ്റിലെ പ്രാഥമിക ട്യൂമറില്‍ നിന്ന് വേർപെടുന്ന കാൻസർ കോശങ്ങള്‍ രക്തക്കുഴലുകള്‍ വഴിയോ ലിംഫറ്റിക് സിസ്റ്റം വഴിയോ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിച്ച്‌ അസ്ഥികളില്‍ എത്തി വളരുന്നതിനെയാണ് ബോണ്‍ മെറ്റാസ്റ്റാസിസ് (Bone Metastasis) എന്ന് വിളിക്കുന്നത്. ഈ രോഗാവസ്ഥ ബൈഡന്റെ ആരോഗ്യത്തെ കഠിനമായി ബാധിച്ചിട്ടുണ്ട്.

പ്രോസ്റ്റേറ്റ് ക്യാൻസർ കോശങ്ങള്‍ക്ക് നട്ടെല്ല്, പെല്‍വിസ്, ഇടുപ്പ്, വാരിയെല്ലുകള്‍ എന്നിവിടങ്ങളിലേക്ക് പടരാനുള്ള പ്രവണത കൂടുതലാണ്. രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന കടുത്ത അസ്ഥിവേദന, ശരീരചലനങ്ങളിലെ ബുദ്ധിമുട്ട്, എല്ലുകളുടെ ബലം കുറഞ്ഞ് പെട്ടെന്ന് ഒടിയുന്ന അവസ്ഥ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. കൂടാതെ നട്ടെല്ലില്‍ മർദ്ദം ചെലുത്തുന്ന മുഴകള്‍ കാരണം ഉണ്ടാകുന്ന മരവിപ്പ്, ബലഹീനത, അസ്ഥി കലകള്‍ നശിക്കുമ്പോള്‍ രക്തത്തിലേക്ക് കാല്‍സ്യം അമിതമായി കലരുന്നത് മൂലമുണ്ടാകുന്ന ഓക്കാനവും കടുത്ത ക്ഷീണവും രോഗിയെ അലട്ടാറുണ്ട്.

ബോണ്‍ മെറ്റാസ്റ്റാസിസ് എന്ന രോഗാവസ്ഥ പൂർണ്ണമായി ഭേദമാക്കുക പ്രയാസകരമാണെങ്കിലും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാനും രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള വിവിധ ചികിത്സാരീതികള്‍ നിലവിലുണ്ട്. ബൈഡന് ആവശ്യമായ വിദഗ്ധ പരിചരണവും ചികിത്സകളും നല്‍കിവരികയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !