ജോർദാൻ: :ഈശോമിശിഹാ സ്നാപക യോഹന്നാനില്‍നിന്നു മാമ്മോദീസ സ്വീകരിച്ചതിന്റെ 2000-ാം വാർഷിക ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ തുടങ്ങി ജോർദാൻ.
പരമ്പരാഗത കണക്കുകള്‍ പ്രകാരം 2030ല്‍ നടക്കാനിരിക്കുന്ന ഈ ചരിത്രപ്രധാന ആഘോഷത്തിനായി വിപുലമായ പദ്ധതികളാണ് രാജ്യം ആസൂത്രണം ചെയ്യുന്നത്. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമന്റെ നിർദേശപ്രകാരം രൂപീകരിച്ച ദേശീയ സമിതിയുടെ പ്രഥമ യോഗം പ്രധാനമന്ത്രി ജാഫർ ഹസന്റെ അധ്യക്ഷതയില്‍ ചേർന്നു.ജോർദാനിലെ ക്രൈസ്തവസഭാ നേതാക്കളുടെ കൗണ്‍സില്‍ മുന്നോട്ടുവച്ച നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിനും ആഘോഷങ്ങള്‍ രാജ്യാന്തര നിലവാരത്തില്‍ ഒരുക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും ആഗോളകേന്ദ്രമായി ജോർദാനെ അടയാളപ്പെടുത്തുന്നതിനൊപ്പം, ലോകമെമ്പാടുമുള്ള ക്രൈസ്തവ തീർഥാടകരുടെ പ്രധാന ലക്ഷ്യസ്ഥാനമായി രാജ്യത്തെ മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വികസന പദ്ധതികൾ
ജ്ഞാനസ്നാനം നടന്ന ചരിത്രപ്രസിദ്ധമായ അല്‍ മഗ്താസിനു സമീപം ലോകമെമ്പാടുമുള്ള തീർഥാടകർക്കായി എല്ലാ സൗകര്യങ്ങളുമുള്ള സംയോജിത ഗ്രാമം നിർമിക്കും.
ഈശോമിശിഹായുടെ ജ്ഞാനസ്നാനത്തിന്റെ ചരിത്രവും പ്രാധാന്യവും വ്യക്തമാക്കുന്ന പ്രത്യേക മ്യൂസിയം സജ്ജീകരിക്കും. പരിസ്ഥിതിസൗഹൃദമായ ഹരിത ഇടനാഴികളും വിപുലമായ അടിസ്ഥാനസൗകര്യ വികസനങ്ങളും പ്രദേശത്തു നടപ്പിലാക്കും.
പ്രവർത്തനങ്ങളുടെ മേല്‍നോട്ടത്തിനായി വിവിധ വകുപ്പുകളിലെ മന്ത്രിമാർ, കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, ആംഗ്ലിക്കൻ, ലൂഥറൻ സഭകളിലെ പ്രമുഖർ എന്നിവരടങ്ങുന്ന ഉന്നതതല സമിതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. നിർമാണപ്രവർത്തനങ്ങള്‍ വേഗത്തിലാക്കാൻ വിദഗ്ധരടങ്ങുന്ന ഉപസമിതികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.