കാനഡയുടെ ആകാശത്ത് ഇന്ന് സൂര്യഗ്രഹണം; സമയം, കാണാവുന്ന നഗരങ്ങൾ അറിയാം,

ഒട്ടാവ: ഇന്ന്  കാനഡയുടെ ആകാശത്ത് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും സൂര്യൻ്റെ ഒരു ഭാഗം ചന്ദ്രനാൽ മറയ്ക്കപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക.

കാനഡ പൂർണ ഗ്രഹണ പാതയ്ക്ക് പുറത്തായതിനാലാണ് ഇവിടെ ഭാഗികമായി മാത്രം ഗ്രഹണം ദൃശ്യമാകുന്നത് എന്ന് ശാസ്ത്ര-സാങ്കേതിക വിദഗ്ധനായ ഡാൻ റിസ്കിൻ ഉൾപ്പെടെയുള്ളവർ ഈ പ്രതിഭാസത്തെക്കുറിച്ച് പറയുന്നു

ഏതൊക്കെ നഗരങ്ങളിൽ കാണാം?

കാനഡയിലെ വിവിധ നഗരങ്ങളിൽ വ്യത്യസ്ത രീതിയിലായിരിക്കും സൂര്യഗ്രഹണം ദൃശ്യമാവുക. സെൻ്റ് ജോൺസ് നഗരത്തിൽ സൂര്യൻ്റെ പകുതിയോളവും, ഹാലിഫാക്സിൽ അതിലും കുറവായും ഗ്രഹണം കാണാം. മോൺട്രിയൽ, ടൊറന്റോ എന്നിവിടങ്ങളിൽ യഥാക്രമം കുറച്ച് മാത്രമെ ഗ്രഹണം ദൃശ്യമാകുക.

 അതേസമയം വാൻകൂവർ തുടങ്ങിയ ചില പടിഞ്ഞാറൻ നഗരങ്ങളിൽ നിന്ന് ഈ ഗ്രഹണം കാണാൻ കഴിയില്ല. ഗ്രഹണം തടസ്സമില്ലാതെ വ്യക്തമായി കാണാൻ സാധിക്കുന്ന മികച്ച സ്ഥലങ്ങളാണ് ഇപ്പോൾ ആളുകൾ കണ്ടെത്തുന്നത്.

എപ്പോൾ കാണാം?

എഡ്മന്റണിൽ രാവിലെ 10:02-ന് ആരംഭിക്കുന്ന ഗ്രഹണം 10:38-ഓടെ സൂര്യൻ ഏറ്റവും കൂടുതൽ മറയുകയും 11:15-ന് അവസാനിക്കുകയും ചെയ്യും. വിന്നിപെഗിൽ രാവിലെ 11:25-ന് ആരംഭിക്കുന്ന പ്രതിഭാസം ഉച്ചയ്ക്ക് 12:40 വരെ നീണ്ടുനിൽക്കുന്നതാണ്. മോൺട്രിയൽ, ടൊറന്റോ നഗരങ്ങളിൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് ഈ ആകാശക്കാഴ്ച കാണാൻ സാധിക്കുന്നത്. ഹാലിഫാക്സ്, സെന്റ് ജോൺസ് പ്രദേശങ്ങളിൽ ഉച്ചയ്ക്ക് 1:58-നും 2:28-നുമാണ് ഗ്രഹണം ആരംഭിക്കുക.

സുരക്ഷിതമായി എങ്ങനെ കാണാം?

ഗ്രഹണം കാണാൻ ആഗ്രഹിക്കുന്നവർ മുഴുവൻ സമയവും അനുയോജ്യമായ സോളാർ എക്ലിപ്സ് ഗ്ലാസുകൾ ധരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കൃത്യമായ സംരക്ഷണമില്ലാതെ സൂര്യനെ നേരിട്ട് നോക്കുന്നത് കാഴ്ചശക്തി പൂർണമായോ ഭാഗികമായോ നഷ്ടപ്പെടാൻ കാരണമാകും. 

സാധാരണ ഉപയോഗിക്കുന്ന സൺഗ്ലാസുകൾ എത്ര ഇരുണ്ടതാണെങ്കിലും ഗ്രഹണം കാണാൻ സുരക്ഷിതമല്ലെന്ന് കനേഡിയൻ സ്പേസ് ഏജൻസി വ്യക്തമാക്കുന്നു. പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കണ്ണടകൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. കുട്ടികൾ ഗ്രഹണം വീക്ഷിക്കുമ്പോൾ മുതിർന്നവരുടെ കർശനമായ മേൽനോട്ടം ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്

അടുത്ത ഗ്രഹണം എന്ന്? അറിയേണ്ട കാര്യങ്ങൾ

ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, സ്പെയിൻ, റഷ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പൂർണ സൂര്യഗ്രഹണം കാണാനാകുന്നത്. ഈ ഇടുങ്ങിയ പാതയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലാണ് കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നത്. അടുത്ത ഭാഗിക സൂര്യഗ്രഹണം കാനഡയിൽ കാണാൻ സാധിക്കുന്നത് 2027 ഓഗസ്റ്റ് 2-നായിരിക്കും. 

എന്നാൽ രാജ്യത്ത് നിന്ന് ഒരു പൂർണ സൂര്യഗ്രഹണം വീണ്ടും ദൃശ്യമാകാൻ 2044 ഓഗസ്റ്റ് 22 വരെ കാത്തിരിക്കേണ്ടി വരും. അതുകൊണ്ടുതന്നെ നിലവിലെ ഈ ഭാഗിക ഗ്രഹണം കാണാൻ വലിയ ആകാംക്ഷയോടെയാണ് ശാസ്ത്രലോകവും പൊതുജനങ്ങളും കാത്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !