പെൺകരുത്ത്: സിനിമയെ വെല്ലുന്ന ചേസിംഗുമായി യുവതി, മോഷ്ടാവിന്റെ സ്‌കൂട്ടറില്‍ തൂങ്ങി മാല വീണ്ടെടുത്തു,

ആലപ്പുഴ: മാല പൊട്ടിച്ച്‌ സ്‌കൂട്ടറില്‍ പായുന്ന മോഷ്ടാവ്. സ്‌കൂട്ടറിന് പിന്നില്‍ പിടിച്ചു തൂങ്ങിക്കിടന്ന് നിലവിളിക്കുന്ന യുവതി. നിയന്ത്രണംവിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ മോഷ്ടാവില്‍ നിന്ന് അവള്‍ മാല വീണ്ടെടുത്തു.

ഓടിയെത്തിയ നാട്ടുകാർ മോഷ്‌ടാവിനെ പിടിച്ച്‌ കായംകുളം പൊലീസിനു കൈമാറി. കഴിഞ്ഞ ദിവസം കായംകുളം കൃഷ്ണപുരത്താണ് സിനിമയെ വെല്ലുന്ന രംഗങ്ങളുണ്ടായത്.

കൃഷ്ണപുരം കാപ്പില്‍ കിഴക്ക് ഐശ്വര്യയില്‍ എൻ. രജനിയാണ് (47) മോഷ്ടാവായ ഭരണിക്കാവ് ഇലപ്പിക്കുളം സ്വദേശി നെല്‍സണില്‍ നിന്ന് മാല വീണ്ടെടുത്തത്. സംഭവ സമയത്ത് രജനി മാത്രമേ സ്ഥാപനത്തിലുണ്ടായിരുന്നുള്ളൂ. 10 വർഷമായി കൃഷ്ണപുരം ഗ്രാപഞ്ചായത്തിന് സമീപം ആർ.ആർ ബില്‍ഡിംഗ് ആൻഡ് ഡിസൈനിംഗ് സ്ഥാപനം നടത്തുകയാണ് രജനി. പ്ലാൻ വരയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നെല്‍സണെത്തിയത്. ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും നിന്നോളാമെന്ന് പറഞ്ഞ് മേശയില്‍ കൈകുത്തി നിന്നു.

വിവരങ്ങള്‍ ചോദിക്കുന്നതിനിടെ ജീൻസിന് പിന്നില്‍ കരുതിയ സ്‌ക്രൂഡ്രൈവറെടുത്ത് രജനിയുടെ കഴുത്തില്‍ കുത്താൻ ശ്രമിച്ചു. തടഞ്ഞപ്പോള്‍ താലിയും ലോക്കറ്റുമടക്കമുള്ള രണ്ടുപവന്റെ മാല പൊട്ടിച്ചു. ആദ്യം പേടിച്ചെങ്കിലും രജനി പിന്നാലെയോടി. രക്ഷപ്പെടാൻ ശ്രമിച്ച നെല്‍സണിന്റെ സ്‌കൂട്ടറിന് പിന്നില്‍ തൂങ്ങിക്കിടന്നു. രജനിയെ വലിച്ചിഴച്ച്‌ സ്‌കൂട്ടർ മൂന്നുമീറ്റർ മുന്നോട്ടുപോയി. ബഹളമുണ്ടാക്കിയതോടെ മറ്റ് സ്ഥാപനങ്ങളിലുള്ളവർ ഓടിയെത്തി. തുടർന്ന് നിയന്ത്രണം വിട്ട് സ്‌കൂട്ടർ പാർക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ച്‌ മറിഞ്ഞു. നാട്ടുകാർ നെല്‍സണെ പിടിച്ചു.

വിട്ടുകളയാൻ മനസുവന്നില്ല"

ഞാൻ അധ്വാനിച്ചുണ്ടാക്കിയ മുതലാണ് പൊട്ടിച്ചെടുത്തത്. അത് വില്‍ക്കുമ്പോള്‍ അവന് വിഷമമുണ്ടാകില്ല. ആ ചിന്തയാണ് പിന്നാലെ ഓടാൻ പ്രേരിപ്പിച്ചത്. നടുവിനും കഴുത്തിനുമൊക്കെ നല്ല വേദനയുണ്ട്. രാത്രി 10 മണിവരെ ഒറ്റയ്ക്ക് ജോലി ചെയ്തിട്ടുണ്ട്. പക്ഷേ ഇത്തരമൊരു അനുഭവം ആദ്യമാണ്"- രജനി പറയുന്നു.

 സമീപത്തെ ബാർബർ ഷോപ്പ് തുറന്നിരുന്നില്ല. അടുത്ത് മറ്റാരുമുണ്ടായിരുന്നില്ല. രണ്ടുമിനിറ്റോളം സ്ഥിതിഗതികള്‍ മനസിലാക്കിയാണ് നെല്‍സണെത്തിയത്. രജനിയുടെ സ്ഥാപനമുള്ള 18-ാം വാർഡിലെ പഞ്ചായത്തംഗമാണ് ഭർത്താവ് റാം കിഷോർ.  എൻജിനിയറിംഗ് വിദ്യാർത്ഥി ഐശ്വര്യയാണ് മകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !