ടെക്സസിൽ അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു: രണ്ടു സൈനികർക്ക് ദാരുണാന്ത്യം

ടെക്സസ്: സെൻട്രൽ ടെക്സസിൽ അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം.

ഫോർട്ട് ഹുഡ് സൈനിക ക്യാമ്പിൽ നിന്നുള്ള എഎച്ച്-64 അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററാണ് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.33-ഓടെ സലാഡോ ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തിൽ തകർന്നു വീണത്. അപകടസ്ഥലത്തു വച്ചുതന്നെ രണ്ടുപേരും മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.

അപകടവിവരമറിഞ്ഞ് പോലീസ് സംഘം സംഭവസ്ഥലത്തെത്തുമ്പോൾ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾക്കൊപ്പം വലിയ രീതിയിൽ തീപടർന്നു പിടിച്ചിരുന്നതായി ബെൽ കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് ക്ലിഫ് കോൾമാൻ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അപകട കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചതായും യുഎസ് ആർമി അറിയിച്ചു.

സംഭവസ്ഥലം സുരക്ഷിതമാക്കുന്നതിനും പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾക്കുമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ഒന്നാം കവലറി ഡിവിഷൻ ആക്ടിങ് കമാൻഡിങ് ജനറൽ ബ്രിഗേഡിയർ ജനറൽ ഈതൻ ഡൈവൻ വ്യക്തമാക്കി. കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളോടൊപ്പം നിൽക്കുന്നുവെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

യുഎസ് ആർമിയുടെ മുന്നണിപ്പോരാട്ടങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായി ഉപയോഗിക്കുന്ന രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററാണ് എഎച്ച്-64 അപ്പാച്ചെ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !