വാഷിംഗ്‌ടണ്‍: കുടിയേറ്റ നിയമം നടപ്പിലാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കായി ഇലക്‌ട്രിക് ഷോക്ക് ഗ്ലൗസുകള്‍ വാങ്ങാനൊരുങ്ങുകയാണ് അമേരിക്ക ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്ഡമെന്റ് (ഐസിഇ) ആണ് നീക്കം നടത്തുന്നത്.
കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തെ എതിർക്കുന്നവരെ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നതിനായി ഏകദേശം 20 മില്യണ്‍ ഡോളർ ചെലവഴിച്ച് ഇത്തരത്തിലുള്ള ഇലക്‌ട്രിക് ഷോക്ക് ഗ്ലൗസുകള്‍ വാങ്ങാനാണ് ഐസിഇയുടെ പദ്ധതി. അടുത്ത വർഷം മാർച്ചോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബുധനാഴ്‌ച രാവിലെ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഗ്ലോവ് (ജനറേറ്റഡ് ലോ ഔട്ട്പുട്ട് വോള്‍ട്ടേജ് എമിറ്റർ) എന്നാണ് ഗ്ലൗസിന്റെ പേര്. കെന്റക്കിലെ ലെക്‌സിംഗ്‌ടണിലുള്ള കംപ്ലെയിന്റ് ടെക്‌നോളജീസ് എല്‍എല്‍സിയാണ് ഗ്ലൗസിന്റെ നിർമ്മാതാക്കള്‍. ഗ്ലൗസിലൂടെ വൈദ്യുത ഉത്തേജനം നല്‍കി കുറ്റവാളികളെ എളുപ്പത്തില്‍ നിയന്ത്രണത്തിലാക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗ്ലൗസ് ഉപയോഗിച്ചുതൊട്ടുകഴിഞ്ഞാല്‍ മൂന്ന് സെക്കന്റിനുള്ളില്‍ ഫലം ലഭിക്കുമെന്നും കമ്പനി പറയുന്നു.
ഈ ഗ്ലൗസുകള്‍ ഉപയോഗിച്ച് ശരീരചർമ്മത്തില്‍ നേരിട്ട് സ്‌പർശിക്കുമ്പോഴാണ് ഷോക്കേല്‍ക്കുന്നത്. പൊള്ളലോ പാടുകളോ മുറിവുകളോ ഉണ്ടാകില്ലെന്നും നിർമ്മാതാക്കള്‍ അവകാശപ്പെടുന്നു. സാധാരണ ഗ്ലൗസുകള്‍ പോലെ ധരിക്കാൻ കഴിയുന്ന ഇവയുടെ സ്വിച്ച് അമർത്തുമ്പോഴാണ് വൈദ്യുത മോഡ് പ്രവർത്തിച്ചുതുടങ്ങുന്നത്. തേനീച്ചയുടെ കുത്തുപോലെ പെട്ടെന്ന് കഠിനമായ വേദന നല്‍കി ആ വ്യക്തിയെ പൂർണമായി തളർത്താൻ ഇതിലൂടെ സാധിക്കും. അമേരിക്കയിലെ ജയിലുകള്‍ ഉള്‍പ്പെടെയുള്ള തടങ്കല്‍ കേന്ദ്രങ്ങളില്‍ ഇത്തരം ഗ്ലൗസുകള്‍ നേരത്തെ ഉപയോഗിച്ചിട്ടുണ്ട്.
മനുഷ്യാവകാശ സംഘടനകള്‍ക്ക് ആശങ്ക
ഉദ്യോഗസ്ഥർക്കായി ഇത്തരം ഗ്ലൗസുകള്‍ വാങ്ങാനുള്ള ഐസിഇ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ജനങ്ങളെ ബലപ്രയോഗം നടത്തി കീഴ്‌പ്പെടുത്തുന്നതിന്റെ പേരില്‍ ഐസിഇ നേരത്തെതന്നെ വിമർശനങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്കായി വൈദ്യുതാഘാതം നല്‍കുന്ന ഗ്ലൗസുകള്‍ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്ന് അമേരിക്കൻ സിവില്‍ ലിബർട്ടീസ് യൂണിയൻ (എസിഎല്‍യു) പ്രതിനിധി ജെൻ റോള്‍നിക് ബോർചെറ്റ പറഞ്ഞു.
ചെറിയൊരു സ്വിച്ച് അമർത്തി മറ്റുള്ളവരറിയാതെ വൈദ്യുതാഘാതം നല്‍കുന്ന രീതി ദുരുപയോഗത്തിന് വഴിയൊരുക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വിമർശിക്കുന്നത്. അതേസമയം, പൊലീസിനെ പ്രതിരോധിക്കുന്നവരെ നിയന്ത്രിക്കാൻ ഉപകരണം ഫലപ്രദമാകുമെന്ന് കസ്റ്റഡിമരണങ്ങള്‍ തടയുന്നതിനെക്കുറിച്ച് പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി പ്രിവൻഷൻ ഒഫ് ഇൻ-കസ്റ്റഡി ഡെത്സ് പ്രസിഡന്റ് ജോണ്‍ പീറ്റേഴ്‌സ് പറഞ്ഞു. വൈദ്യുതാഘാതം നല്‍കുന്നതിലൂടെ ഏതാനും നിമിഷങ്ങള്‍ മാത്രമേ വേദന അനുഭവപ്പെടുകയുള്ളുവെന്നും അദ്ദേഹംവ്യക്തമാക്കി.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.