ടെഹ്‌റാൻ : ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ വീണ്ടും വഴിമുട്ടിയതോടെ പശ്ചിമേഷ്യൻ കടലിടുക്കുകളിൽ ചരക്കുകപ്പലുകൾക്ക് നേരെ പുതിയ ആക്രമണങ്ങൾ.
ഒമാൻ ഉൾക്കടലിലും റെഡ് സീയിലുമായി ചൊവ്വാഴ്ച വെവ്വേറെ നടന്ന ആക്രമണങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവ്യാപാരം തടസ്സപ്പെടുമെന്ന ആശങ്ക ഉയർന്നതോടെ അസംസ്കൃത എണ്ണവിലയിൽ വർധനവുണ്ടായി.ബാബ് എൽ-മന്ദെബ് കടലിടുക്കിൽ ചെറിയ ചരക്കുകപ്പലിന് നേരെ ഹൂതികൾ നടത്തിയതായി സംശയിക്കുന്ന ആക്രമണത്തിൽ നാല് ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ എത്തിയ പ്രാദേശിക സേനയിലെ രണ്ട് യമനി രക്ഷാപ്രവർത്തകരും ജീവനൊടുക്കി. ഈജിപ്ഷ്യൻ ഉടമസ്ഥതയിലുള്ള ‘തിഹാമ’ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
പ്രദേശത്ത് യുദ്ധം ആരംഭിച്ച ശേഷം ഹൂതി ആക്രമണത്തിൽ ചരക്കുകപ്പൽ ജീവനക്കാർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. എന്നാൽ, സൗദി അറേബ്യയിലേക്ക് സൈനിക ഉപകരണങ്ങളുമായി പോയ കപ്പലാണ് തങ്ങൾ ആക്രമിച്ചതെന്നാണ് ഹൂതികളുടെ അവകാശവാദം.
മറുവശത്ത്, ഇറാനെതിരെയുള്ള ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച് പനാമ പതാക ഘടിപ്പിച്ച ചരക്കുകപ്പലിന് നേരെ യു.എസ് മിലിട്ടറി ആക്രമണം നടത്തി. ഒമാൻ ഉൾക്കടലിൽ പാകിസ്ഥാൻ തീരത്തിന് സമീപത്തുവെച്ച് യു.എസ് നാവികസേനയുടെ എച്ച്-60 ഹെലികോപ്റ്ററിൽ നിന്ന് മിസൈലുകൾ അയച്ച് കപ്പലിന്റെ സ്റ്റിയറിംഗ് സംവിധാനം തകർക്കുകയായിരുന്നു. കപ്പൽ നിർത്താനുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനാലാണ് നടപടിയെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോരും കടുത്തിട്ടുണ്ട്. അമേരിക്ക തങ്ങളുടെ വ്യവസ്ഥകൾ പൂർണ്ണമായി അംഗീകരിക്കുന്നത് വരെ അന്താരാഷ്ട്ര എണ്ണ ഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുനൽകില്ലെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്സെൻ റെസായി വ്യക്തമാക്കി. വിദേശത്ത് മരവിപ്പിച്ച ഇറാൻ്റെ സ്വത്തുക്കൾ വിട്ടുനൽകുക, ഗാസയിലും ലെബനനിലും ഉൾപ്പെടെയുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്.
ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് മുൻപ് പറഞ്ഞിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് കടുപ്പിച്ചിരിക്കുകയാണ്. മുൻകാല സംഘർഷങ്ങളിലെ നാശനഷ്ടങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം.
അമേരിക്കൻ സഖ്യസേന ഫെബ്രുവരി 28-ന് ഇറാനിൽ ആക്രമണം ആരംഭിച്ചതിന് ശേഷം മേഖലയിലാകെ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. നിലവിലെ ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായതോടെ പ്രതിസന്ധി കൂടുതൽ നീളാനാണ് സാധ്യത.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.