ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലില്‍ ലഹരിക്കടിമയായ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ഇന്നലെ രാത്രിയാണ് ആന്റണി, വത്സമ്മ എന്നിവരെ മകൻ അജീഷ് (26) ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതി കടുത്ത ലഹരിക്ക് അടിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ദൈവം പറഞ്ഞിട്ടാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. 'ദൈവം വിളിക്കാൻ പറഞ്ഞു, അതിനാല്‍ രണ്ടുപേരെയും കൊലപ്പെടുത്തി സ്വർഗത്തിലയച്ചു'-അജീഷ് പൊലീസിനോട് പറഞ്ഞു. ഏതോ ഒരു ശക്തി പറഞ്ഞിട്ടാണ് താൻ ഇതെല്ലാം ചെയ്തത്. പിശാചുക്കളെയെല്ലാം ബഹിഷ്കരിച്ചു,
മാതാപിതാക്കളെ ദൈവത്തിനരികിലേക്ക് പറഞ്ഞുവിട്ടുവെന്നാണ് സംഭവമറിഞ്ഞെത്തിയ നാട്ടുകാരോടും അജീഷ് പറഞ്ഞത്. പ്രതി സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിടാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടുമാസം മുമ്പ് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയ്ക്കായെത്തിച്ചിരുന്നു.
സംഭവ സമയത്ത് മരിച്ച ആന്റണിയുടെ മാതാവും വീട്ടീല്‍ ഉണ്ടായിരുന്നെങ്കിലും അജീഷ് അവരെ ആക്രമിച്ചിരുന്നില്ല. കേള്‍വി കുറവായതിനാല്‍ ആന്റണിയുടെ മാതാവ് വീട്ടില്‍ നടന്ന അതിക്രൂര കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല.
ലഹരി ഉപയോഗിച്ച ശേഷം അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും തുടർന്ന് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരെയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി പ്രതി ബന്ധുവിന് അയച്ചുകൊടുത്തു.
ബന്ധു ഈ ദൃശ്യങ്ങള്‍ ഇടവക വികാരിക്ക് കൈമാറുകയും വിവരം ഉടൻ തന്നെ നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയുമായിരുന്നു. പ്രതിയുമായി പൊലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.