സൂര്യന്റെ മറഞ്ഞിരുന്ന മുഖം പുറത്ത്! ഇതുവരെ ലഭിക്കാത്ത റെസല്യൂഷനിൽ ഉപരിതല ചിത്രങ്ങൾ പകർത്തി ശാസ്ത്രജ്ഞർ

വാഷിംഗ്‌ടൺ: സൂര്യന്റെ ഉപരിതലത്തിന്റെ ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങൾ പകർത്തി ശാസ്ത്രജ്ഞർ.

യു.എസ്.എയിലെ ഹവായിയിലുള്ള നാഷണൽ സയൻസ് ഫൗണ്ടേഷന്റെ (NSF) ഡാനിയൽ കെ. ഇനോയി സോളാർ ടെലിസ്കോപ്പ് ഉപയോഗിച്ചാണ് അമേരിക്കയിലെ ശാസ്ത്രജ്ഞർ ഈ ദൃശ്യങ്ങൾ പകർത്തിയത്. ടെലിസ്കോപ്പിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനിടെ ലഭിച്ച ഉയർന്ന റെസല്യൂഷനിലുള്ള ഈ ചിത്രങ്ങളിൽ, സൂര്യന്റെ പുറംപാളിയിലൂടെ ഒഴുകുന്ന തൂവൽ പോലെയുള്ള വിചിത്ര രൂപങ്ങളും മാറ്റങ്ങളും കണ്ടെത്തിയതാണ് ഇപ്പോൾ വലിയ ശാസ്ത്രീയ പ്രാധാന്യത്തിന് വഴിതുറന്നിരിക്കുന്നത്.

ടെലിസ്കോപ്പിൽ നിന്നുള്ള പുതിയ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് സൗര ഉപരിതലത്തിലെ ഈ അപൂർവ്വ പ്രതിഭാസം ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. കാറ്റ് വീശുമ്പോൾ വെള്ളത്തിൽ തിരമാലകൾ ഉണ്ടാകുന്നത് പോലെ, സൂര്യനിലെ കാന്തിക പ്ലാസ്മയുടെ ഭാഗങ്ങൾ വെവ്വേറെ വേഗതയിൽ സഞ്ചരിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള ചലനങ്ങൾ ഉണ്ടാകുന്നത്.

 ഭൂമിയിലും വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളിലും മുൻപ് സമാനമായ പ്രതിഭാസങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, സൂര്യന്റെ ഉപരിതലത്തിൽ ഇത്രയും വ്യക്തതയോടെ ഇത് കണ്ടെത്തുന്നത് ഇതാദ്യമായാണെന്ന് നാഷണൽ സോളാർ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞനായ ഫ്രെഡറിക് വോഗർ അറിയിച്ചു. പഠനത്തിന്റെ വിശദാംശങ്ങൾ ബുധനാഴ്ച പ്രശസ്തമായ ‘നേച്ചർ’ (Nature) ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സൂര്യന്റെ ഉള്ളിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും, അവിടെനിന്ന് പെട്ടെന്നുണ്ടാകുന്ന വൻ ഊർജ്ജ സ്ഫോടനങ്ങളെക്കുറിച്ചും കൂടുതൽ അറിയാനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. ഇത്തരം സൗര സ്ഫോടനങ്ങൾ കാരണം ഭൂമിയിൽ ‘സൗരകൊടുങ്കാറ്റുകൾ’ ഉണ്ടാകാറുണ്ട്. ഇവ നമ്മുടെ ഫോൺ-ഇന്റർനെറ്റ് ബന്ധങ്ങളെയും, നാവിഗേഷനായി ഉപയോഗിക്കുന്ന ജി.പി.എസ് (GPS) സംവിധാനങ്ങളെയും തകരാറിലാക്കാൻ സാധ്യതയുണ്ട്. 

അതിനാൽ, പുതിയ ചിത്രങ്ങൾ നൽകുന്ന വിവരങ്ങൾ വഴി ഇത്തരം സ്ഫോടനങ്ങൾ മുൻകൂട്ടി പ്രവചിക്കാനും ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങൾ സംരക്ഷിക്കാനുമുള്ള കൂടുതൽ ഗവേഷണങ്ങൾക്ക് വഴിതുറക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !