ആലപ്പുഴ: ബിജെപി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ ചലച്ചിത്ര നടനുമായ ദേവന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
ആലപ്പുഴ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നടന്ന പൊതുചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനം. ബിജെപിയുടെ പ്രാഥമിക അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും ഒഴിഞ്ഞുകൊണ്ടുള്ള രാജിക്കത്ത് തയ്യാറാക്കിവെച്ചിട്ടുണ്ടെന്നും അത് ഉടന്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.'കഴിഞ്ഞ അഞ്ചു വര്‍ഷമായി ബിജെപിക്കു വേണ്ടി അഗ്രസീവായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനു പിന്നില്‍ എന്റെ വലിയൊരു സംഭാവന ഉണ്ടായിരുന്നതായി അദ്ദേഹം തന്നെ സമ്മതിക്കും. അത്രത്തോളം അധ്വാനവും സംഭാവനയും ഞാന്‍ പാര്‍ട്ടിക്കു നല്‍കിയിരുന്നു' - രാജിപ്രഖ്യാപനം നടത്തിക്കൊണ്ട് ദേവന് പറഞ്ഞു.ശ്രീനാരായണ ഗുരുദേവന്റെ ആദര്‍ശങ്ങളും ആശയങ്ങളും ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയമാണ് തന്റെ രീതിയെന്ന് ദേവന് വ്യക്തമാക്കി.
എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ സംസ്ഥാന ബിജെപിയില്‍ അത്തരം ആശയങ്ങള്‍ കാണാന്‍ കഴിഞ്ഞില്ലെന്നും, തന്റെ രാഷ്ട്രീയ ലൈന്‍ ഇതല്ലെന്ന് പൂര്‍ണ്ണമായി മനസ്സിലായതിനാലാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നാലഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ബിജെപി വിടാനുള്ള തീരുമാനം മനസ്സില്‍ എടുത്തിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പൊതുവേദിയില്‍ എത്തിയ ശേഷമാണ് രാജിപ്രഖ്യാപനം നടത്താന്‍ പെട്ടെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ബിജെപിയില്‍ തുടര്‍ന്നുകൊണ്ട് ഗുരുദേവ ദര്‍ശനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന ബോധ്യമാണ് രാജിക്ക് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2004-ല്‍ 'കേരള പീപ്പിള്‍സ് പാര്‍ട്ടി' (പിന്നീട് നവകേരള പീപ്പിള്‍സ് പാര്‍ട്ടി) എന്ന പേരില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് ദേവന് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2004-ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടിയുമായി മുന്നോട്ടു പോകുന്നതില്‍ കാര്യമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ബിജെപിയുമായി അടുക്കുന്നത്.
2021 മാര്‍ച്ച് മാസത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് നവകേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ച ദേവനെ 2023 ഡിസംബറിലാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയോഗിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. പ്രചാരണത്തിനിടെ ചില വിവാദങ്ങളിലും അദ്ദേഹം പെട്ടിരുന്നു. വാടാനപ്പള്ളിയില്‍ വോട്ടര്‍മാര്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണവും, കിറ്റ് സൂക്ഷിച്ച ഗോഡൗണിന് സമീപം ദേവനെ കണ്ടതിനെ തുടര്‍ന്ന് എല്‍ഡിഎഫ് - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലം വളഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നതായി ദേവന് മുന്‍പ് തുറന്നു പറഞ്ഞിരുന്നു.
എന്നാല്‍ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിന് സീറ്റ് നല്‍കിയിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതിലേക്കൊന്നും ഇപ്പോള്‍ കൂടുതല്‍ കടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടിയുടെ ഉന്നത പദവിയിലിരുന്ന നേതാവ് പെട്ടെന്ന് രാജിപ്രഖ്യാപനം നടത്തിയത് ബിജെപി സംസ്ഥാന നേതൃത്വത്തെയും അണികളെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുകളില്‍ മികച്ച മുന്നേറ്റവും നേട്ടങ്ങളും ഉണ്ടാക്കിയിട്ടും, ദേവനെപ്പോലുള്ള മുതിര്‍ന്ന ഭാരവാഹികളെ ചേര്‍ത്തുപിടിക്കാനോ പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്താനോ സാധിക്കാത്തത് ബിജെപിക്കുള്ളില്‍ വരുംദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകും. ദേവന്റെ പെട്ടെന്നുള്ള രാജിയുടെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അദ്ദേഹം മുന്നോട്ടുവെച്ച ആവശ്യങ്ങളോ പരാതികളോ പാര്‍ട്ടി പരിഗണിക്കാതിരുന്നതാണോ രാജിക്കു പിന്നിലെന്ന് വ്യക്തമല്ല. വിഷയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.