നോർവ: ഉറങ്ങിക്കിടക്കുന്ന പോളാർ കരടിയെ ഒന്ന് ഉണർത്തി അതിന്റെ പ്രതികരണം കാണാൻ തോന്നി. പക്ഷേ ആ കൗതുകത്തിന് കൊടുക്കേണ്ടി വന്നത് ഏകദേശം 4.5 ലക്ഷം രൂപയാണ്.
നോർവേയിലെ സ്വാല്‍ബാർഡിലാണ് കൗതുകകരമായ സംഭവം. തീരത്ത് ഉറങ്ങിക്കിടന്ന പോളാർ കരടിയെ കപ്പലിലെ ഫോഗ് ഹോണ്‍ മുഴക്കി ഉണർത്തിയ ബോട്ട് ഓപ്പറേറ്റർക്കാണ് 50,000 നോർവീജിയൻ ക്രോണർ, അതായത് ഏകദേശം 4.5 മുതല്‍ 5 ലക്ഷം രൂപ വരെ പിഴ ചുമത്തിയത്.സ്വാല്‍ബാർഡിലെ ഒരു ഫിയോർഡിലൂടെ കപ്പല്‍ കടന്നുപോകുന്നതിനിടെയാണ് സംഭവം. കരടി തീരത്ത് കിടന്ന് ഉറങ്ങുന്നത് കപ്പലിലുണ്ടായിരുന്നവർ ശ്രദ്ധിച്ചതും കരടി എഴുന്നേറ്റ് നീങ്ങുന്നത് കാണണമെന്ന ആഗ്രഹത്തില്‍ ഒരാള്‍ കപ്പലിന്റെ ശക്തിയേറിയ ഫോഗ് ഹോണ്‍ മുഴക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഞെട്ടിയ പോളാർ കരടി ഉറക്കമുണർന്ന് അവിടെനിന്ന് മറ്റൊരു സ്ഥലത്തേക്ക് ഓടിപ്പോയി.
സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സ്വാല്‍ബാർഡ് ഗവർണർ ലാർസ് ഫൗസ് നിയമനടപടി സ്വീകരിച്ചു. സ്വാല്‍ബാർഡ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പോളാർ കരടികളെ അനാവശ്യമായി ശല്യപ്പെടുത്തുകയോ പിന്തുടരുകയോ ആകർഷിക്കുകയോ ചെയ്യുന്നത് കുറ്റമാണ്. 1972 മുതല്‍ ഇവിടെ പോളാർ കരടികള്‍ സംരക്ഷിത ജീവികളാണ്. അതിനാല്‍ വെറുമൊരു കൗതുകത്തിന് വന്യജീവിയുടെ സ്വാഭാവിക സ്വഭാവത്തെ ബാധിക്കുന്ന തരത്തില്‍ ഇടപെടുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.
പിഴ ചുമത്തപ്പെട്ട ബോട്ട് ഓപ്പറേറ്റർ നിയമലംഘനം അംഗീകരിക്കുകയും പിഴ അടയ്ക്കാൻ സമ്മതിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വ്യക്തിയുടെ പേരോ ദേശീയതയോ അധികൃതർ പുറത്തുവിട്ടിട്ടില്ല. സ്വാല്‍ബാർഡിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും പര്യവേഷണ സംഘങ്ങള്‍ക്കും വന്യജീവികളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്ന മുന്നറിയിപ്പും അധികൃതർ നല്‍കി




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.