ഒന്റാറിയോ; പിക്കറിങ്ങിൽ വീട്ടുമുറ്റത്ത് ഇലകൾ വാരുന്നതിനിടെ വിരമിച്ച അധ്യാപികയായ എലീനർ ഡോണിയെ കുത്തിക്കൊലപ്പെടുത്തിയ 14കാരന് 10 വർഷത്തെ ശിക്ഷ. 2025 മേയ് 29നായിരുന്നു സംഭവം.
കറുത്ത കോട്ട്, മാസ്ക്, കയ്യുറകൾ, ബ്രീഫ്‌കേസ് എന്നിവയുമായി എത്തിയ കൗമാരക്കാരൻ ഡോണിയോട് സംസാരിച്ച ശേഷം കത്തിയെടുത്ത് നിരവധി തവണ കുത്തുകയായിരുന്നു. അയൽവാസിയുടെ ഡോർബെൽ ക്യാമറയിൽ ആക്രമണം പതിഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്കൂൾ അധികൃതരാണ് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിച്ചത്.ഏപ്രിലിൽ ഇയാൾ കൊലപാതകക്കുറ്റം സമ്മതിച്ചിരുന്നു. പ്രായം കണക്കിലെടുത്ത് പ്രതിയുടെ പേര് പുറത്തുവിടാൻ നിയമപരമായി വിലക്കുണ്ട്. സ്കൂളിൽ കത്തി കൈവശം വെച്ചതിന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ ഒരാളെ കൊലപ്പെടുത്താൻ തീരുമാനിച്ചതായി പ്രതി മനശ്ശാസ്ത്ര വിദഗ്ധരോട് പറഞ്ഞു.
“പഴയ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാനും” സീരിയൽ കില്ലർ കഥാപാത്രത്തെപ്പോലെ പുതിയ വ്യക്തിത്വം സ്വീകരിക്കാനുമായിരുന്നു ലക്ഷ്യമെന്നും ഇയാൾ മൊഴി നൽകി. ജാപ്പനീസ് മാംഗ-ആനിമേഷൻ കഥാപാത്രമായ യോഷികാഗെ കിറയോടും American Psychoയിലെ പാട്രിക് ബേറ്റ്മാനോടുമായിരുന്നു അമിത താൽപര്യം
യഥാർഥ സീരിയൽ കില്ലർമാരെയും കുത്തിക്കൊല, പിന്തുടരൽ, സൈക്കോപതി തുടങ്ങിയ വിഷയങ്ങളെയും കുറിച്ച് ഇയാൾ നിരന്തരം ഓൺലൈനിൽ അന്വേഷിച്ചിരുന്നു. കൊലപാതകത്തിന് മുമ്പ് “കൊല്ലാനുള്ള പ്രേരണ” അനുഭവപ്പെട്ടിരുന്നതായും ഇരയെ തേടി നടക്കുന്നതിനിടെയാണ് ഡോണിയെ തിരഞ്ഞെടുത്തതെന്നും ഇയാൾ പറഞ്ഞു.
കൊലപാതകം നടക്കുമ്പോൾ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, പഠന വൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ലെന്നും കോടതി രേഖപ്പെടുത്തി. കുടുംബ സാഹചര്യങ്ങളും സാമൂഹിക ഒറ്റപ്പെടലും ഇയാളുടെ മാനസികാവസ്ഥയെ ബാധിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ജസ്റ്റിസ് ലിസ വാനമേക്കർ പ്രതിക്ക് വിചാരണയ്ക്ക് മുമ്പ് കസ്റ്റഡിയിൽ കഴിഞ്ഞ 13 മാസത്തിന് ക്രെഡിറ്റ് അനുവദിച്ചതോടെ കസ്റ്റഡി കാലാവധി ആറ് വർഷത്തിൽ നിന്ന് അഞ്ച് വർഷമായി. തുടർന്ന് നാല് വർഷം സമൂഹത്തിൽ മേൽനോട്ടത്തിൽ കഴിയണം. യുവജന കേന്ദ്രത്തിലെ വിദ്യാഭ്യാസ-ചികിത്സാ പരിപാടികളിൽ ഇയാൾ സജീവമായി പങ്കെടുക്കുന്നുണ്ടെങ്കിലും സീരിയൽ കില്ലർ കഥാപാത്രത്തോടുള്ള താൽപര്യം ഇപ്പോഴും തുടരുന്നതായി കോടതി ശ്രദ്ധിച്ചു.
മാനസികാരോഗ്യ വിദഗ്ധരുടെ തുടർപരിശോധനയും തീവ്രമായ വ്യക്തിഗത ചികിത്സയും കുടുംബകേന്ദ്രിത സേവനങ്ങളും ആവശ്യമാണെന്ന് ജഡ്ജി പറഞ്ഞു. അതേസമയം, ഡോണിയുടെ മകൾ ജൂഡി കിർവിൻ ശിക്ഷയിൽ നിരാശ പ്രകടിപ്പിച്ചു.
കുറ്റകൃത്യത്തിന്റെ ഭീകരതയ്ക്ക് ശിക്ഷ പര്യാപ്തമല്ലെന്നും യുവജന നീതിന്യായ സംവിധാനത്തിൽ ഇത് ആശങ്ക ഉയർത്തുന്നതാണെന്നും അവർ പറഞ്ഞു. പ്രതി മുതിർന്നയാളായിരുന്നെങ്കിൽ ഒന്നാം ഡിഗ്രി കൊലപാതകത്തിന് 25 വർഷത്തെ നിർബന്ധിത ശിക്ഷ ലഭിക്കുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.