ഫിനിക്‌സ്: അമേരിക്കയിലെ ഫീനിക്‌സ് വിമാനത്താവളത്തിന് സമീപം രണ്ട് യാത്രാവിമാനങ്ങള്‍ ഒരേ ഫ്ലൈറ്റ് നമ്പറില്‍ സർവീസ് നടത്തിയത് വൻ ദുരന്തഭീതി പരത്തി.
എയർ ട്രാഫിക് കണ്‍ട്രോളറുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസിൻ്റെ രണ്ട് ജെറ്റ് വിമാനങ്ങളാണ് ആകാശത്ത് കൂട്ടിയിടിക്കുന്നതില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഒരു വിമാനം വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാൻ വരികയും, അതേ സമയം തന്നെ രണ്ടാമത്തെ വിമാനം അവിടെനിന്ന് പറന്നുയരുകയും ചെയ്യുമ്പോഴായിരുന്നു സംഭവം.കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് വ്യോമയാന ചരിത്രത്തില്‍ അപൂർവമായ ഈ സംഭവം നടന്നത്. ഷിക്കാഗോയില്‍ നിന്ന് ഫീനിക്സിലേക്ക് വരികയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനവും, ഫീനിക്‌സില്‍ നിന്ന് പുറപ്പെടാൻ തയ്യാറെടുത്ത വിമാനവും ‘അമേരിക്കൻ 2482’ എന്ന ഒരേ നമ്പറിലാണ് സർവീസ് നടത്തിയത്. വിമാനങ്ങളുടെ യാത്രാപാതകള്‍ പരസ്പരം കൂടിച്ചേരുന്ന രീതിയിലായിരുന്നതിനാല്‍ പൈലറ്റുമാർക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് ഇത് കാരണമായി.
എന്നാല്‍, പന്തികേട് മണത്ത എയർ ട്രാഫിക് കണ്‍ട്രോളർ ഉടനടി ഇടപെട്ടു. ആശയക്കുഴപ്പം ഒഴിവാക്കാൻ അദ്ദേഹം വിമാനങ്ങളെ “അമേരിക്കൻ 2482 അറൈവല്‍” (വരുന്ന വിമാനം), “അമേരിക്കൻ 2482 ഡിപ്പാർച്ചർ” (പോകുന്ന വിമാനം) എന്നിങ്ങനെ വേർതിരിച്ച് റേഡിയോയിലൂടെ നിർദ്ദേശങ്ങള്‍ നല്‍കാൻ ആരംഭിച്ചു. വരുന്ന വിമാനത്തെ ഉയർന്ന അള്‍ട്ടിറ്റ്യൂഡിലും, പോകുന്ന വിമാനത്തോട് കൂടുതല്‍ ഉയരത്തിലേക്ക് പറക്കരുതെന്നും കണ്‍ട്രോളർ കർശന നിർദ്ദേശം നല്‍കി.
ഇതോടെ ഇരു വിമാനങ്ങളും തമ്മില്‍ സുരക്ഷിതമായ ലംബമായ അകലം പാലിക്കാൻ സാധിച്ചു. മൈലുകള്‍ അകലെയായിരിക്കുമ്പോള്‍ തന്നെ ഇരു പൈലറ്റുമാർക്കും പരസ്പരം വിമാനങ്ങള്‍ കാണാൻ സാധിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
വിമാനങ്ങള്‍ സുരക്ഷിതമായി കടന്നുപോയതിന് ശേഷം വരുന്ന വിമാനത്തിൻ്റെ പൈലറ്റ് കണ്‍ട്രോളറുടെ മികവിനെ അഭിനന്ദിച്ചു. തൻ്റെ 25 വർഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഒരേ കോള്‍ സൈനില്‍ രണ്ട് വിമാനങ്ങള്‍ ഒരേ വ്യോമപരിധിയില്‍ ഇത്തരത്തില്‍ വരുന്നത് ആദ്യമായാണ് കാണുന്നതെന്ന് കണ്‍ട്രോളർ പിന്നീട് വ്യക്തമാക്കി.
എയർലൈൻ്റെ ഡിസ്‌പാച്ച് വിഭാഗത്തിന് സംഭവിച്ച അത്യപൂർവ്വമായ പിഴവാണ് അപകടസാഹചര്യത്തിലേക്ക് നയിച്ചതെന്ന് വ്യോമയാന സുരക്ഷാ വിദഗ്ദ്ധൻ സ്റ്റീവ് അരോയോ പറഞ്ഞു. സാധാരണയായി ഡിസ്പാച്ചറും പൈലറ്റുമാരും ഫ്ലൈറ്റ് പ്ലാനുകള്‍ സൂക്ഷ്മമായി പരിശോധിക്കാറുള്ളതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറില്ല.
ഷിക്കാഗോയില്‍ നിന്ന് ഫീനിക്സിലേക്ക് വരികയായിരുന്ന ഫ്ലൈറ്റ് 2482 മോശം കാലാവസ്ഥയെ തുടർന്ന് വൈകുകയായിരുന്നു. എന്നാല്‍ ഫീനിക്സില്‍ നിന്നുള്ള മടക്ക സർവീസ് കൃത്യസമയത്ത് നടത്താനായി അമേരിക്കൻ എയർലൈൻസ് മറ്റൊരു വിമാനം ഇതേ നമ്പറില്‍ ഏർപ്പാടാക്കി.
ആദ്യത്തെ വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് തന്നെ രണ്ടാമത്തെ വിമാനം ഇതേ നമ്പറില്‍ പുറപ്പെട്ടതാണ് രണ്ട് വിമാനങ്ങള്‍ക്കും ഒരേ സമയം ഒരേ വ്യോമപരിധി പങ്കിടേണ്ടി വന്ന സാഹചര്യമുണ്ടാക്കിയത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.