ന്യൂഡൽഹി: രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ പാകിസ്ഥാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 253 പേർ അറസ്റ്റില്‍. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെതിരെ രാജ്യത്തെ സുരക്ഷാ ഏജൻസികള്‍ നടത്തിയ റെയ്ഡിലാണ് 253 പേരെ പിടികൂടിയത്.
ഗ്രനേഡ് ആക്രമണങ്ങള്‍, ഐഇഡി സ്ഫോടനങ്ങള്‍, പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയവയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഓഗസ്റ്റ് 12-ന് കേന്ദ്ര അന്വേഷണ ഏജൻസികളും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. 14 സംസ്ഥാനങ്ങളിലായി 253 പേരെയാണ് കസ്റ്റഡിയിലെടുത്തത്.പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചുവെന്നാണ് സുരക്ഷാ ഏജൻസികള്‍ കണ്ടെത്തി. ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെതിരെയുള്ള നടപടി വിജയകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം നടത്തിയ നടപടിയിലൂടെ ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ തകർക്കാൻ കഴിഞ്ഞെന്നും 200ലധികം പ്രവർത്തകരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഐഇഡികള്‍, ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്താൻ ഓർഡനൻസ് ഫാക്ടറിയുടെ അടയാളങ്ങളുള്ള ഗ്രനേഡുകളും കണ്ടെത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി.
പ്രാദേശിക ഹാൻഡ്ലർമാരുടെയും പ്രവർത്തകരുടെയും സഹായത്തോടെയാണ് ശൃംഖല പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥാപനങ്ങള്‍, പ്രതിരോധ കേന്ദ്രങ്ങള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങിയ സെൻസിറ്റീവ് മേഖലകളില്‍ നിരീക്ഷണം നടത്തുക, വിവരങ്ങള്‍ ശേഖരിക്കുക, നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ ജോലികള്‍ക്കായി ഇവർക്ക് ഫണ്ട് നല്‍കിയിരുന്നുവെന്നും ആരോപണമുണ്ട്
ഉത്തരേന്ത്യയിലെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് ഭട്ടി. പാക്കിസ്ഥാൻ, ഗള്‍ഫ് മേഖല എന്നിവിടങ്ങളില്‍ നിന്നാണ് ഷെഹ്സാദ് ഭട്ടി പ്രവർത്തനം നടത്തുന്നതെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തല്‍. സമൂഹമാധ്യമത്തിലൂടെയാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്.
ഉത്തർപ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്. 62 പേരാണ് പിടിയിലായത്. ഹരിയാനയില്‍ 52 പേരും ഡല്‍ഹിയില്‍ 51 പേരും പഞ്ചാബില്‍ 44 പേരും കസ്റ്റഡിയിലായി. രാജസ്ഥാനില്‍ 15, മഹാരാഷ്ട്രയില്‍ എട്ട്, ഉത്തരാഖണ്ഡില്‍ അഞ്ച് എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. കർണാടക, ഗുജറാത്ത്, ബിഹാർ എന്നിവിടങ്ങളില്‍ മൂന്ന് പേർ വീതവും തെലങ്കാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീർ, കേരളം എന്നിവിടങ്ങളില്‍ രണ്ട് പേർ വീതവും കസ്റ്റഡിയിലായി.
ഡല്‍ഹിയിലും കർണാടകയിലും പുതിയ എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് 80ലധികം എഫ്‌ഐആറുകളും 200ലധികം അറസ്റ്റുകളും ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.