ഇറാന് കനത്ത തിരിച്ചടി: ഹോര്‍മുസ് കടലിടുക്കില്‍ ഇറാൻ്റെ നിയന്ത്രണം നഷ്ടമാകുന്നു? 80% കപ്പലുകളും റൂട്ട് മാറ്റി ഒമാൻ പാതയില്‍,

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പല്‍ ചാലുകളിലൊന്നായ ഹോർമുസ് കടലിടുക്കില്‍ ഇറാൻ്റെ മേധാവിത്വത്തിന് കനത്ത തിരിച്ചടിയെന്ന് റിപ്പോർട്ട്.

കഴിഞ്ഞ രണ്ടാഴ്ചയായി ഈ മേഖലയിലൂടെ കടന്നുപോയ വാണിജ്യ കപ്പലുകളില്‍ 80 ശതമാനത്തിലധികവും ഇറാൻ്റെ പാതകള്‍ പൂർണ്ണമായി ഒഴിവാക്കി, ഒമാൻ തീരത്തുകൂടിയുള്ള ബദല്‍ പാത ഉപയോഗിക്കുന്നതായി അന്താരാഷ്ട്ര ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. പ്രമുഖ അന്താരാഷ്ട്ര ട്രാക്കിംഗ് ഏജൻസിയായ ‘കെപ്ലറിനെ’ ഉദ്ധരിച്ച്‌ പ്രമുഖ മാധ്യമമായ സി.എൻ.എൻ ആണ് ഈ വാർത്ത പുറത്തുവിട്ടത്.

ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഇറാന് ഭാഗികമായെങ്കിലും നഷ്ടപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് കെപ്ലറിലെ ചീഫ് ക്രൂഡ് ഓയില്‍ അനലിസ്റ്റ് ഹൊമായൂണ്‍ ഫലക്ഷാഹി വ്യക്തമാക്കി. യുണൈറ്റഡ് നേഷൻസിൻ്റെ അംഗീകാരമുള്ള ഒമാൻ പാതയെ ഇറാൻ ശക്തമായി എതിർത്തിരുന്നതാണ്. ഒരു മാസം മുൻപ് വരെ ഈ പാതയിലൂടെ കപ്പല്‍ ഗതാഗതം തീരെ കുറവായിരുന്നു. എന്നാല്‍ യു.എസ് നാവികസേന മേഖലയില്‍ സുരക്ഷ ശക്തമാക്കിയതോടെ കപ്പലുകള്‍ വലിയ തോതില്‍ ഈ ബദല്‍ പാതയിലേക്ക് മാറുകയായിരുന്നു.

കപ്പലുകള്‍ ഒമാൻ തീരത്തേക്ക് മാറിയതോടെ കടലിടുക്കിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് നിർബന്ധിത ട്രാൻസിറ്റ് ഫീസും ടോളും ഈടാക്കാനുള്ള ഇറാൻ്റെ ശ്രമങ്ങള്‍ പാളി. മിക്ക മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും ഇറാൻ്റെ ടോള്‍ ആവശ്യങ്ങളോട് സഹകരിക്കാൻ തയ്യാറാകുന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇറാൻ മുൻപ് ഈ പാത ഉപയോഗിച്ച കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നെങ്കിലും, അമേരിക്കൻ നാവികസേനയുടെ സാന്നിധ്യം കപ്പലുകള്‍ക്ക് ധൈര്യം നല്‍കുന്നുണ്ട്.

വലിയ റിസ്ക് എടുത്ത് എണ്ണക്കപ്പലുകള്‍

യുദ്ധ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ എന്നിവർ എണ്ണക്കടത്തിന് പുതിയ തന്ത്രമാണ് സ്വീകരിക്കുന്നത്. ‘വെരി ലാർജ് ക്രൂഡ് കാരിയറുകള്‍’ വഴി ഹോർമുസ് കടലിടുക്ക് കടത്തുന്ന എണ്ണ, പിന്നീട് ഒമാൻ ഉള്‍ക്കടലിലെ സുരക്ഷിത മേഖലയില്‍ വെച്ച്‌ മറ്റ് ചെറിയ ടാങ്കറുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. 

ഇറാനിയൻ ആക്രമണങ്ങളില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും രക്ഷപ്പെടാൻ പല എണ്ണക്കപ്പലുകളും ആഴ്ചകളോളം തങ്ങളുടെ ട്രാൻസ്പോണ്ടറുകള്‍ (സിഗ്നലുകള്‍) ഓഫ് ചെയ്ത് ‘നിഴല്‍ കപ്പലുകളായി’ (Dark traffic) യാത്ര ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്കിൻ്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് അവകാശപ്പെട്ട് യു.എസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രദേശത്തെ “പുതിയ യു.എസ് പ്രദേശം” (New US territory) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ട്രംപ് ഒരു ഭൂപടവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 

യുദ്ധത്തിന് മുൻപ് പ്രതിദിനം 20 ദശലക്ഷം ബാരല്‍ എണ്ണ കടന്നുപോയിരുന്ന ഈ മേഖലയിലൂടെ നിലവില്‍ 15 ദശലക്ഷം ബാരല്‍ എണ്ണ നീക്കം ചെയ്യപ്പെടുന്നുണ്ടെന്ന് യു.എസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് അറിയിച്ചു. ഇറാൻ്റെ ഭീഷണികള്‍ക്കിടയിലും കപ്പല്‍ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കാനാണ് അമേരിക്കയുടെ ശ്രമം.

എന്നാല്‍ യാഥാർത്ഥ്യം അതീവ സങ്കീർണ്ണമാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാനും അമേരിക്കയ്ക്കും ഈ മേഖലയില്‍ പൂർണ്ണ നിയന്ത്രണം അവകാശപ്പെടാനാകില്ല. അമേരിക്കയെ ഒഴിവാക്കിക്കൊണ്ട് ഒമാനും ഇറാനും തമ്മില്‍ ഗതാഗത സ്വാതന്ത്ര്യത്തിനായി നടത്തുന്ന ഉഭയകക്ഷി ചർച്ചകള്‍ ഭാവിയില്‍ ഈ മേഖലയിലെ സൈനിക സമവാക്യങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !