നെയ്‌റോബി: വടക്കൻ കെനിയയിലെ സാംബുരു കൗണ്ടിയിലുണ്ടായ ദാരുണമായ ഹെലികോപ്റ്റർ അപകടത്തില്‍ അഞ്ച് അമേരിക്കൻ പൗരന്മാർ ഉള്‍പ്പെടെ ഏഴ് പേർ മരിച്ചു.പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 9:13 ഓടെയായിരുന്നു അപകടം.
ലോലോക്വെ പർവതത്തിന് സമീപമാണ് ഹെലികോപ്റ്റർ തകർന്നുവീണതെന്ന് കെനിയ സിവില്‍ ഏവിയേഷൻ അതോറിറ്റി (KCAA) സ്ഥിരീകരിച്ചു. അമേരിക്കൻ പൗരന്മാരായ റോജർ എഡ്വേർഡ് ഡ്യുവാർട്ടെ, ആദം മാർട്ടിൻ ഹ്ലാവതി, ഹെൻറി പാർറ, പ്രമുഖ ടെലിവിഷൻ ശൃംഖലയായ ടെലിമുണ്ടോയുടെ വിവിധ സ്റ്റേഷനുകളുടെ പ്രസിഡന്റും ജനറല്‍ മാനേജരുമായ ജോസ് ആല്‍ബർട്ടോ സുവാരസ് എന്നിവരാണ് മരിച്ച അമേരിക്കക്കാർ.ഇക്വഡോറിൻ്റെ നാഷണല്‍ ഇന്റലിജൻസ് ചീഫ് മിഷേല്‍ സെൻസി-കോണ്ടൂഗി, അദ്ദേഹത്തിന്റെ ഭാര്യയും ഇക്വഡോറിയൻ-അമേരിക്കൻ പൗരത്വമുള്ള വനിതയുമായ സ്റ്റെഫാനി മരിയ ഹോളിഹാൻ വാസ്കോനെസ്, കെനിയൻ പൈലറ്റ് ജോഷ് ഔട്ട്രാം എന്നിവരാണ് അപകടത്തില്‍പ്പെട്ട മറ്റ് മൂന്നുപേർ.
ലോയിസാബയില്‍ നിന്ന് എവാസൊ ന്യിരോയിലേക്ക് ഏഴ് യാത്രക്കാരുമായി പറക്കുകയായിരുന്ന 'യൂറോകോപ്റ്റർ EC130 B4' എന്ന ഹെലികോപ്റ്ററാണ് തകർന്നത്. ആഡംബര ട്രാവല്‍ ഏജൻസിയായ '&Beyond' വഴി കെനിയ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളായിരുന്നു ഇവർ.
അപകടത്തെത്തുടർന്ന് വിമാനത്തിന് തീപിടിച്ചതും പ്രദേശത്തെ ദുർഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കെനിയ റെഡ് ക്രോസിൻ്റെയും വിവിധ സുരക്ഷാ ഏജൻസികളുടെയും നേതൃത്വത്തില്‍ തിരച്ചിലും മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
അപകടകാരണം വ്യക്തമല്ലെന്നും കെനിയൻ അധികൃതരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായും ഹെലികോപ്റ്റർ കമ്പനിയായ 'ലേഡി ലോറി' പ്രസ്താവനയില്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും കെനിയൻ അധികൃതരും അനുശോചനം രേഖപ്പെടുത്തി. കെനിയയിലെ യു.എസ് എംബസി പ്രാദേശിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആവശ്യമായ നയതന്ത്ര സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.