ടെൽ അവീവ്: വൃദ്ധദമ്പതികളെ പരിചരിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി രാജീവ് ആചാര്യയാണ് ജോലി ചെയ്തിരുന്ന വീട്ടിൽ ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് തൊഴിലുടമകളായ വൃദ്ധദമ്പതികളുടെ പേരമകൻ ഏവിയോർ സാക്കെൻ എന്ന ഇസ്രായേലി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. തെൽ അവീവിലെ ഇന്ത്യൻ എംബസി സംഭവം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ആചാര്യയുടെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 23-നാണ് ജറുസലേമിലെ വസതിയിൽ ദാരുണമായ സംഭവം നടക്കുന്നത്. ജോലി ചെയ്യുന്ന വീട്ടിലെ സ്വന്തം മുറിയിൽ വിശ്രമിക്കുകയായിരുന്ന രാജീവ് ആചാര്യയെ പ്രതിയായ ഏവിയോർ സാക്കെൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ രേഖകൾ വ്യക്തമാക്കുന്നത്.
ആക്രമണത്തിൽനിന്ന് സ്വയം രക്ഷപ്പെടാനും വീടിന് പുറത്തേക്ക് ഓടിരക്ഷപ്പെടാനും രാജീവ് ആചാര്യ ശ്രമിച്ചെങ്കിലും ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകളും അമിതമായ രക്തസ്രാവവും കാരണം സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൊലപാതകത്തിന് ശേഷം കൃത്യം മറച്ചുവയ്ക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ആയുധവും മറ്റ് തെളിവുകളുമായി പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, അധികം വൈകാതെ തന്നെ ഇസ്രയേൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇന്ത്യൻ കെയർടേക്കറുടെ ദാരുണമായ കൊലപാതകം ഇസ്രയേലിലുള്ള ഇന്ത്യൻ സമൂഹത്തിലും വിദേശ തൊഴിലാളികൾക്കിടയിലും വലിയ ഞെട്ടലും അരക്ഷിതാവസ്ഥയുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇസ്രയേലിൽ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് പ്രായമായവരെയും രോഗികളെയും പരിചരിക്കുന്ന ലൈവ്-ഇൻ കെയർഗിവർമാരായി ജോലി ചെയ്യുന്നത്.
ജോലി ചെയ്യുന്ന അതേ വീട്ടിൽ തന്നെ താമസിക്കേണ്ടി വരുന്നതിനാൽ ഇവർ പലപ്പോഴും കുടുംബാംഗങ്ങളിൽനിന്നോ മറ്റുള്ളവരിൽനിന്നോ നേരിടുന്ന മാനസിക-ശാരീരിക ഭീഷണികൾ പുറത്തറിയാതെ പോകുന്നുവെന്ന് തൊഴിലാളി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.
കുടുംബം പോറ്റാൻ അന്യനാട്ടിൽ പോയി ജീവൻ ബലിയർപ്പിക്കേണ്ടി വന്ന രാജീവ് ആചാര്യയുടെ കൊലപാതകത്തിൽ പ്രതിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഓഗസ്റ്റ് 18-ന് ഇന്ത്യൻ കമ്യൂണിറ്റി വർക്കേഴ്സ് ഇസ്രയേൽ സർക്കാരിനോട് സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. രാജീവിന്റെ കുടുംബത്തിന് അർഹമായ സാമ്പത്തിക സഹായവും നഷ്ടപരിഹാരവും നൽകാൻ നടപടി വേണമെന്നും പ്രവാസി കൂട്ടായ്മകൾ ആവശ്യപ്പെട്ടു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.