ധാക്ക: ബംഗ്ലാദേശിന്റെ 23-ാമത് പ്രസിഡന്റായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് മിർസ ഫഖ്‌റുല്‍ ഇസ്ലാം ആലംഗീർ തിരഞ്ഞെടുക്കപ്പെട്ടു.
വ്യാഴാഴ്ച ജതിയ സങ്‌സദില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 78കാരനായ ആലംഗീർ 255 വോട്ട് നേടിയപ്പോള്‍ എതിരാളിയായ വിരമിച്ച കേണല്‍ ഒലി അഹമ്മദിന് 88 വോട്ടാണ് ലഭിച്ചത്.11 പാർട്ടികളുടെ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയായാണ് ഒലി അഹമ്മദ് മത്സരിച്ചത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള ഈ സഖ്യത്തിന് നാഷണല്‍ സിറ്റിസണ്‍ പാർട്ടിയുടെയും പിന്തുണയുണ്ടായിരുന്നു. ആലംഗീറിന്റെ വിജയം പ്രഖ്യാപിച്ചത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും തിരഞ്ഞെടുപ്പ് ഓഫീസറുമായ എ.എം.എം. നാസിർ ഉദ്ദീനാണ്.
349 എംപിമാർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ടായിരുന്നെങ്കിലും 343 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉപയോഗിച്ച 343 ബാലറ്റുകളും സാധുവായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ആറു എംപിമാർ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
ബംഗ്ലാദേശിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ നിർണായകമായ തിരഞ്ഞെടുപ്പാണിത്. 35 വർഷത്തിന് ശേഷമാണ് ഒന്നിലധികം സ്ഥാനാർഥികള്‍ മത്സരിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻകാല തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം സ്ഥാനാർഥികളെ നിർത്താതിരുന്നതിനാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പലപ്പോഴും ഒരേയൊരു സ്ഥാനാർഥി മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ബിഎൻപി കഴിഞ്ഞ ആഴ്ചയാണ് മിർസ ഫഖ്‌റുല്‍ ഇസ്ലാം ആലംഗീറിനെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാർഥിത്വം അംഗീകരിച്ചതിന് പിന്നാലെ അദ്ദേഹം ബിഎൻപി സെക്രട്ടറി ജനറല്‍ സ്ഥാനവും നാഷണല്‍ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗത്വവും രാജിവെച്ചു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ആലംഗീറിനെ പൂക്കള്‍ നല്‍കി അഭിനന്ദിച്ചു.
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ കഴിഞ്ഞ മാസം രാജിവച്ചതോടെയാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അനിവാര്യമായത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിന്റെ കാലത്ത് പ്രസിഡന്റായിരുന്ന ഷഹാബുദ്ദീൻ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പാണ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് പാർലമെന്റ് സ്പീക്കർ ഹാഫിസ് ഉദ്ദീൻ അഹമ്മദ് ഇടക്കാല പ്രസിഡന്റിന്റെ ചുമതല വഹിച്ചു.
2024ലെ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ഫെബ്രുവരി തിരഞ്ഞെടുപ്പില്‍ ബിഎൻപി വീണ്ടും അധികാരത്തിലെത്തിയതോടെയാണ് രാജ്യത്തെ രാഷ്‌ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റമുണ്ടായത്. ബിഎൻപിക്ക് പാർലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്.
ബംഗ്ലാദേശില്‍ പ്രസിഡന്റ് പദവി പ്രധാനമായും ഭരണഘടനാപരമായ സ്ഥാനമാണെങ്കിലും, രാഷ്‌ട്രീയ പ്രതിസന്ധികളില്‍ പ്രസിഡന്റിന് നിർണായകമായ ഭരണഘടനാ ചുമതലകളുണ്ട്. സായുധസേനയുടെ പരമാധികാരിയും പ്രസിഡന്റാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മിർസ ഫഖ്‌റുല്‍ ഇസ്ലാം ആലംഗീർ വെള്ളിയാഴ്ച വൈകിട്ട് ബംഗഭബനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.