തിരുവനന്തപുരം: 131വർഷത്തെ പഴക്കവും ഗുരുതര അപകട ഭീഷണിയുമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സ്ഥിതിയോ കേരളത്തിലെ ജനങ്ങളുടെ സുരക്ഷയോ വകവയ്ക്കാതെയാണ് തമിഴ്നാട്ടിലെ പുതിയ വിജയ് സർക്കാരിന്റെയും പോക്ക്.
പുതിയ അണക്കെട്ടു പണിയാനുള്ള മുഴുവൻ ചെലവും കേരളം വഹിക്കുമെന്നും മുഴുവൻ വെള്ളവും തമിഴ്നാടിന് നല്‍കാമെന്നുമുള്ള കേരളത്തിന്റെ വാഗ്ദാനം തമിഴ്നാട് തള്ളിയതോടെ മുല്ലപ്പരിയാറിന്റെ സുരക്ഷയെച്ചൊല്ലിയുള്ള ആധി ഒഴിയില്ലെന്ന് വ്യക്തമായി.1895-ല്‍ നിർമിച്ച മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പഴക്കവും സുരക്ഷാ ഭീഷണിയുമാണ് കേരളത്തിന്റെ പ്രധാന ആശങ്ക. അണക്കെട്ട് തകർന്നാല്‍ ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകും. സുർക്കി മിശ്രിതം ഉപയോഗിച്ച് പണിത 130-ലധികം വർഷം പഴക്കമുള്ള ചുണ്ണാമ്പ്-സുർക്കി ഡാമാണിത്. വർഷങ്ങള്‍ കൊണ്ട് ഇതിലെ ചുണ്ണാമ്പ് ചോർന്നുപോയത് ഡാമിന്റെ ബലക്ഷയത്തിന് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.
ഭൂകമ്പ സാധ്യതയുള്ള 'സോണ്‍ 3' മേഖലയിലാണ് മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്നത്. റിക്ടർ സ്കെയിലില്‍ പ്രകമ്പനങ്ങള്‍ ആവർത്തിക്കുന്നത് ഘടനയെ ബാധിക്കാമെന്നും വിദഗ്ദ്ധർ പറയുന്നു. മുല്ലപ്പെരിയാർ തകർന്നാല്‍ തൊട്ടുതാഴെയുള്ള ഇടുക്കി ഡാമിന് ആ വലിയ ജലപ്രവാഹത്തെ ഉള്‍ക്കൊള്ളാൻ കഴിയില്ലെന്ന ഭീതി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഡാം വേണമെന്ന് കേരളം ആവശ്യമുന്നയിക്കുന്നത്.
പുതിയ ഡാമിന്റെ സ്ഥലം, നിർമ്മാണ മാതൃക തുടങ്ങി എല്ലാകാര്യങ്ങളും തമിഴ്നാടിന് തീരുമാനിക്കാമെന്നും കേരളത്തിന് സുരക്ഷയില്‍ അത്രത്തോളം ആശങ്കയുണ്ടെന്നും ദക്ഷിണേന്ത്യൻ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷാ ആവശ്യം കേരളത്തിന്റെ സ്ഥിരം പല്ലവിയാണെന്നും ഡാമിന് ഒരു പ്രശ്നവുമില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും വിദഗ്ദ്ധ സമിതിയും സാക്ഷ്യപ്പെടുത്തിയതാണെന്നും ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നുമാണ് തമിഴ്നാടിന്റെ നിലപാട്.
മധുരയിലും രാമനാഥപുരത്തുമെല്ലാം കൃഷി ഈ വെള്ളം ഉപയോഗിച്ചാണ്. പച്ചക്കറിയായും മറ്റ് ഉത്പന്നങ്ങളായും അത് കേരളത്തിലാണ് എത്തുന്നതെന്നും തമിഴ്നാട് വൈദ്യുതി മന്ത്രി സി.ടി.ആർ.നിർമ്മല്‍കുമാർ പറഞ്ഞു.
ജലനിരപ്പ് 136 അടിയായിരുന്നത് 142 അടിയായി ഉയർത്താൻ തമിഴ്‌നാടിന് അനുമതി നല്‍കി. ഇതിനെതിരെ കേരളം പാസാക്കിയ ഡാം സേഫ്റ്റി നിയമം പിന്നീട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 2012-ല്‍ സുപ്രീം കോടതി നിയോഗിച്ച സമിതി ഡാം സുരക്ഷിതമാണെന്ന് റിപ്പോർട്ട് നല്‍കി.
തുടർന്ന് 2014-ല്‍ ജലനിരപ്പ് 142 അടിയാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. അണക്കെട്ടിന്റെ സുരക്ഷ, ജലനിരപ്പ്, ഷട്ടറുകള്‍ തുറക്കല്‍ എന്നിവ നിരീക്ഷിക്കാൻ സുപ്രീം കോടതി ഉത്തരവു പ്രകാരം ഒരു മേല്‍നോട്ട സമിതി പ്രവർത്തിക്കുന്നുണ്ട്.
ഐക്യരാഷ്ട്രസഭയുടെ 'യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോണ്‍മെന്റ് ആൻഡ് ഹെല്‍ത്ത്' തയ്യാറാക്കിയ റിപ്പോർട്ടില്‍, ലോകത്ത് അപകടസാധ്യതയുള്ള പഴക്കമുള്ള വൻകിട അണക്കെട്ടുകളുടെ പട്ടികയില്‍ മുല്ലപ്പെരിയാറിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഐ.ഐ.ടി. ഡല്‍ഹിയും ഐ.ഐ.ടി. റൂർക്കിയും നടത്തിയ പഠനങ്ങളില്‍ ശക്തമായ ഭൂകമ്പമുണ്ടായാല്‍ അണക്കെട്ടിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
നിലവിലെ ഡാമിന് താഴെയായി പുതിയൊരു അണക്കെട്ട് നിർമ്മിച്ച് തമിഴ്‌നാടിന് ആവശ്യത്തിന് വെള്ളം നല്‍കുകയും കേരളത്തിന്റെ ഭീതി അകറ്റുകയും ചെയ്യുകയെന്നതാണ് കേരളത്തിന്റെ നയം.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.